അന്ന് ഫാസില്‍ സാറിന്റെ ഇഷ്ടത്തിന് വിട്ടിരുന്നെങ്കില്‍ മമ്മൂട്ടിയുടെ ആ പരാജയ ചിത്രത്തിന്റെ വിധി മറ്റൊന്നായേനേ: സ്വര്‍ഗചിത്ര അപ്പച്ചന്‍
Entertainment
അന്ന് ഫാസില്‍ സാറിന്റെ ഇഷ്ടത്തിന് വിട്ടിരുന്നെങ്കില്‍ മമ്മൂട്ടിയുടെ ആ പരാജയ ചിത്രത്തിന്റെ വിധി മറ്റൊന്നായേനേ: സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st March 2024, 9:42 pm

1986ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു പൂവിന് പുതിയ പൂന്തെന്നല്‍. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം സ്വര്‍ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മിച്ചത്. ഇപ്പോള്‍ സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് പറയുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍.

‘പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. അത് 1986ല്‍ ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. ആ സിനിമ വലിയ കുഴപ്പം ഇല്ലാത്ത ഒന്നായിരുന്നു. എന്നാല്‍ സിനിമ റിലീസ് ആയ ആ ആഴ്ച്ചയില്‍ മമ്മൂട്ടിയുടെ ആറ് സിനിമകള്‍ റിലീസായിരുന്നു.

ആവനാഴി, സായംസന്ധ്യ, നന്ദി വീണ്ടും വരിക, പൂവിന് പുതിയ പൂന്തെന്നല്‍ പിന്നെ വേറെയും രണ്ട് സിനിമകള്‍ ഉണ്ടായിരുന്നു. അതില്‍ ആവനാഴി സൂപ്പര്‍ ഹിറ്റായിരുന്നു. മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തിയ സിനിമയായിരുന്നു അത്.

ആ സിനിമ തിയേറ്ററില്‍ നന്നായി ഓടിയിരുന്നു. ബാക്കി സിനിമകളൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയി. അന്ന് പൂവിന് പുതിയ പൂന്തെന്നലിന് വേണ്ടി 15 ലക്ഷം രൂപയാണ് മുടക്കേണ്ടി വന്നത്. അതില്‍ എട്ട് ലക്ഷം എന്റെ സ്വന്തം കാശായിരുന്നു. ബാക്കി സെന്റര്‍ പിക്‌ചേര്‍സാണ് മുടക്കിയത്.

അതില്‍ എനിക്ക് തിരിച്ച് കിട്ടിയത് ഒരു ലക്ഷമോ മറ്റോവാണ്. ബാക്കി പൈസ മുഴുവന്‍ പോയി. നല്ല നഷ്ടമായിരുന്നു ആ സിനിമ നല്‍കിയത്. ആ സിനിമയുടെ പരാജയത്തിന്റെ കാരണമായി എനിക്ക് തോന്നുന്നത് ആറ് സിനിമകള്‍ ഒരുമിച്ച് റിലീസിന് എത്തിയതാണ്.

ഞാന്‍ അന്ന് ഫാസില്‍ സാറിന്റെ അടുത്ത് മമ്മൂട്ടി വേണമെന്ന സജഷന്‍ വെച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ അതില്‍ മോഹന്‍ലാല്‍ ആയിരുന്നു അഭിനയിക്കുക.

അല്ലെങ്കില്‍ വേറെ പുതുമുഖങ്ങളെയായിരുന്നു കൊണ്ടുവരിക. ഫാസില്‍ സാറിന്റെ ഇഷ്ടത്തിന് വിട്ടിരുന്നെങ്കില്‍ ചിലപ്പോള്‍ അതിന്റെ വിധി മറ്റൊന്നായേനേ,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.


Content Highlight: Swargachithra Appachan Talks About Fasil