Entertainment
ഫാസില്‍ സാര്‍ ആ സിനിമക്ക് ഒരു ടൈറ്റില്‍ സജസ്റ്റ് ചെയ്തു, തെലുങ്ക് പടം പോലെയുണ്ടെന്നായിരുന്നു എന്റെ മറുപടി: സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 22, 06:59 am
Wednesday, 22nd January 2025, 12:29 pm

മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലൂടെ നിര്‍മാണരംഗത്തേക്ക് കടന്നുവന്നയാളാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. പിന്നീട് ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, പഞ്ചാബി ഹൗസ് തുടങ്ങി ഹിറ്റ് സിനിമകള്‍ അപ്പച്ചന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

സിദ്ദിഖ് ലാല്‍ കോമ്പോയുടെ ആദ്യചിത്രമായ റാംജിറാവ് സ്പീക്കിങ് എന്ന ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സിദ്ദിഖിനെയും ലാലിനെയും ഫാസിലിന്റെ അസിസ്റ്റന്റായി നില്‍ക്കുന്ന സമയം മുതല്‍ക്ക് തനിക്കറിയാമായിരുന്നെന്ന് അപ്പച്ചന്‍ പറഞ്ഞു. അവരുടെ ആദ്യചിത്രത്തിന്റെ കഥ താന്‍ കേട്ടെന്നും അത് ഫാസിലിനോട് പറഞ്ഞെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഫാസിലിന് ആ കഥ ഇഷ്ടമായെന്നും അദ്ദേഹത്തിന് ആ സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടായെന്നും അപ്പച്ചന്‍ പറഞ്ഞു. താനും തങ്ങളുടെ കോമണ്‍ ഫ്രണ്ടായ ഔസേപ്പച്ചനും നിര്‍മാണത്തില്‍ പങ്കാളികളാകാമെന്ന് പറഞ്ഞെന്നും സിദ്ദിഖ് ലാലിന്റെ ആദ്യ ചിത്രം അങ്ങനെ തങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ സമയത്ത് സിനിമക്ക് ടൈറ്റില്‍ ഉണ്ടായിരുന്നില്ലെന്നും ഫാസിലാണ് റാംജിറാവ് സ്പീക്കിങ് എന്ന ടൈറ്റില്‍ നിര്‍ദേശിച്ചതെന്നും അപ്പച്ചന്‍ പറഞ്ഞു.

ആ പേര് കേട്ടപ്പോള്‍ ഏതോ തെലുങ്ക് സിനിമയുടെ ടൈറ്റില്‍ പോലെ തോന്നുന്നെന്ന് താന്‍ പറഞ്ഞെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ആ ടൈറ്റിലാണ് സിനിമ ഹിറ്റാകുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ പോകുന്നതെന്ന് ഫാസില്‍ മറുപടി പറഞ്ഞെന്നും അപ്പച്ചന്‍ പറഞ്ഞു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി റാംജിറാവ് സ്പീക്കിങ് മാറിയെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു സ്വര്‍ഗചിത്ര അപ്പച്ചന്‍.

 

‘സിദ്ദിഖ് ലാല്‍ ടീം സ്വതന്ത്രസംവിധായകരാകുന്നതിന് മുന്നേ എനിക്കറിയാം. ഫാസില്‍ സാറിന്റെ അസിസ്റ്റന്റായിട്ടായിരുന്നു അവരുടെ തുടക്കം. അതിന് ശേഷമാണ് അവര്‍ ആദ്യസിനിമയുടെ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയത്. അവര്‍ എന്നോട് പറയുന്ന തമാശകളുടെ പകുതി മാത്രമേ ആ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നുള്ളൂ.

എനിക്ക് ആ സ്‌ക്രിപ്റ്റ് വളരെ ഇഷ്ടമായി. ഫാസില്‍ സാറിനും അത് വായിക്കാന്‍ കൊടുത്തു.അദ്ദേഹത്തിനും കഥ ഇഷ്ടമായി. പക്ഷേ ആര് നിര്‍മിക്കും എന്ന ചിന്ത വന്നപ്പോള്‍ ഫാസില്‍ സാര്‍ ആ ചുമതല ഏറ്റെടുത്തു. ഞാനും അദ്ദേഹത്തിന്റെ കൂടെ കൂടാമെന്ന് പറഞ്ഞു. പിന്നീട് ഞങ്ങളുടെ കോമണ്‍ ഫ്രണ്ടായ ഔസേപ്പച്ചനും നിര്‍മാണത്തില്‍ പങ്കാളിയായി. അപ്പോഴും പടത്തിന് ടൈറ്റില്‍ കിട്ടിയിരുന്നില്ല.

ഫാസില്‍ സാറാണ് റാംജിറാവ് സ്പീക്കിങ് എന്ന പേര് സജസ്റ്റ് ചെയ്തത്. ഏതോ തെലുങ്ക് പടത്തിന്റെ പേര് പോലെയാണ് എനിക്ക് തോന്നിയത്. ഇക്കാര്യം ഫാസില്‍ സാറിനോട് പറഞ്ഞപ്പോള്‍ ‘ഈ ടൈറ്റിലല്ലാതെ മറ്റൊന്നും ഈ പടത്തിന് ചേരില്ല’ എന്ന് പറഞ്ഞു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ആ സിനിമ മാറി,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Swargachithra Appachan shares the memories of Ramji Rao Speaking movie