മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായി പരിഗണിക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഇന്നും ആളുകള്‍ യാതൊരു മടുപ്പും കൂടാതെയിരുന്ന് കാണുന്ന സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ജനപ്രിയ ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന അവാര്‍ഡ് മണിച്ചിത്രത്താഴ് സ്വന്തമാക്കിയിരുന്നു.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ മണിച്ചിത്രത്താഴ് 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷന്‍ വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ റിലീസില്‍ തിയേറ്ററില്‍ കാണാന്‍ സാധിക്കാത്ത പലരും സണ്ണിയുടെയും നാഗവല്ലിയുടെയും രണ്ടാം വരവ് ആഘോഷമാക്കിയിരിക്കുകയാണ്. ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ മണിച്ചിത്രത്താഴിനെ വീണ്ടും സ്വീകരിക്കുന്നത്.
മണിച്ചിത്രത്താഴ് റീമാസ്റ്റര്‍ ചെയ്ത് അതിന്റെ ഫൈനല്‍ ഔട്ട്പുട്ട് മമ്മൂട്ടി കണ്ടെന്നും അത് അദ്ദേഹത്തിന് വളരെ ഇഷ്ടമായെന്നും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു. വടക്കന്‍ വീരഗാഥ ഇതുപോലെ റീമാസ്റ്റര്‍ ചെയ്യാന്‍ അതിന്റെ നിര്‍മാതാവായ പി.വി. ഗംഗാധരന്റെ മക്കളോട് ആവശ്യപ്പെട്ടുവെന്നും അധികം വൈകാതെ വടക്കന്‍ വീരഗാഥ തിയേറ്ററില്‍ എത്തുമെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്.
‘മണിച്ചിത്രത്താഴ് ഇപ്പോള്‍ വന്നാലും ആളുകള്‍ സ്വീകരിക്കുമെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. കാലത്തെ അതിജീവിച്ച സിനിമയാണ് ഇത്. അന്ന് ഫിലിമില്‍ എടുത്ത സിനിമയാണ്. അതിനെ ഡിജിറ്റലാക്കി, കളര്‍ ഗ്രേഡിങ് ചെയ്യുന്നത് വലിയ പണിയാണ്. പത്തുമാസത്തോളം ഇതിന്റെ പിന്നിലായിരുന്നു. മണിച്ചിത്രത്താഴിനൊപ്പം റീമാസ്റ്റര്‍ ചെയ്ത സിനിമയായിരുന്നു ഒരു വടക്കന്‍ വീരഗാഥ. പക്ഷേ അത് വേറെ ടീമാണ് ചെയ്തത്, മണിച്ചിത്രത്താഴിന്റെ ലെവലില്‍ എത്തിയില്ല.
മമ്മൂട്ടി പിന്നീട് ഇടപെട്ട് ഈ സിനിമ റീമാസ്റ്റര്‍ ചെയ്ത സോമന്‍പിള്ളയുടെ കമ്പനിയുമായി ബന്ധപ്പെട്ടു. എന്നിട്ട് ചെന്നൈയില്‍ നിന്ന് പഴയ ഫിലിമും ബാക്കി കാര്യങ്ങളും കൊച്ചിയിലെത്തിച്ചു. ആ സിനിമ ഇനി ആദ്യം മുതലേ തുടങ്ങണം. വെറുതേ ഒന്ന് റീ റിലീസ് ചെയ്യാമെന്നതിനെക്കാള്‍ ഇന്നത്തെ ടെക്‌നോളജിയുടെ സഹായത്തില്‍ മികച്ച എക്‌സ്പീരിയന്‍സാക്കിയാല്‍ മാത്രമേ കാര്യമുള്ളൂ,’ അപ്പച്ചന്‍ പറഞ്ഞു.
Content Highlight: Swargachithra Appachan saying that Mammootty decided to remaster Oru Vadakkan Veeragatha after watching Manichithrathazhu 4K