| Friday, 21st June 2024, 8:43 pm

മണിച്ചിത്രത്താഴിന് അവാര്‍ഡ് കിട്ടുമെന്ന് എറ്റവും വലിയ കോണ്‍ഫിഡന്‍സ് അയാള്‍ക്കായിരുന്നു: സ്വര്‍ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്. ബോക്‌സ് ഓഫീസ് വിജയത്തിന് പുറമെ ആ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ ജനപ്രിയ ചിത്രം, മികച്ച നടി എന്നീ വിഭാഗങ്ങളില്‍ ചിത്രം അവാര്‍ഡ് നേടി.

മണിച്ചിത്രത്താഴിന് അവാര്‍ഡ് ലഭിക്കുമെന്ന് ഏറ്റവു വലിയ കോണ്‍ഫിഡന്‍സ് സംവിധായകന്‍ ഫാസിലിനായിരുന്നെന്ന് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു. ആ വര്‍ഷം ചിങ്ങം ഒന്നിന് ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം പല കാരണങ്ങള്‍ കൊണ്ട് വൈകിയെന്നും ഡിസംബറിലാണ് ഷൂട്ട് തീര്‍ത്തതെന്നും അപ്പച്ചന്‍ പറഞ്ഞു.

പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞയുടനെ ചിത്രം നാഷണല്‍ അവാര്‍ഡിന് അയക്കാനുള്ള ഒരുക്കങ്ങള്‍ നോക്കിയെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്.

‘മണിച്ചിത്രത്താഴ് ആ വര്‍ഷം ചിങ്ങം ഒന്നിന് ഷൂട്ട് തുടങ്ങാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. പക്ഷേ പല കാരണങ്ങളും കൊണ്ട് ആ സമയത്ത് ഷൂട്ട് തുടങ്ങാന്‍ പറ്റിയില്ല. നവംബറിലാണ് പിന്നീട് ഷൂട്ട് തുടങ്ങുന്നത്. ഡിസംബറില്‍ പടം റിലീസ് ചെയ്യണം. ഫാസിലിനെ സഹായിക്കാന്‍ സിദ്ദിഖ് ലാല്‍, പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ഷൂട്ട് തീരാറായപ്പോള്‍ ഫാസില്‍ എന്നോട് പറഞ്ഞു, ‘അപ്പച്ചാ, ഈ പടം നമുക്ക് നാഷണല്‍ അവാര്‍ഡിന് എന്തായാലും അയക്കണം. ഈ സിനിമ ഹിറ്റാകുമോ ഇല്ലയോ എന്നതിനെക്കാള്‍ ഇതിന് കൂടുതല്‍ അംഗീകാരം കിട്ടുമെന്ന് ഉറപ്പാണ്,’ എന്ന് ഫാസില്‍ എന്നെ നിര്‍ബന്ധിച്ചു. ഡിസംബറില്‍ പടത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞയുടനെ സെന്‍സര്‍ ബോര്‍ഡിന് അയച്ചു.

ആ വര്‍ഷത്തെ അവാര്‍ഡിന് പോകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ജനപ്രിയ സിനിമക്കും, മികച്ച നടിക്കുമുള്ള അവാര്‍ഡ് മണിച്ചിത്രത്താഴിന് കിട്ടി. ഫാസിലിന്റെ പ്രവചനം ശരിയായിരുന്നു എന്ന് എനിക്ക് അപ്പോള്‍ മനസിലായി,’ അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Swargachithra Appachan saying that Fazil had confidence that Manichithrathazhu get National Awards

We use cookies to give you the best possible experience. Learn more