| Saturday, 8th May 2021, 8:25 pm

'വിജയ്ക്ക് പാട്ട് ഇഷ്ടപ്പെട്ടില്ല, എ. ആര്‍ റഹ്‌മാനോട് മാറ്റി ചെയ്യാന്‍ പറയാനും വയ്യ'; അഴകിയ തമിഴ്മകനിലെ 'എല്ലാ പുകഴും' എന്ന ഗാനത്തെക്കുറിച്ച് നിര്‍മാതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഴകിയ തമിഴ്മകന്‍ എന്ന വിജയ് ചിത്രത്തില്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കി ആലപിച്ച ‘എല്ലാ പുകഴും ഒരുവന്‍ ഒരുവനുക്ക്’ എന്ന ഗാനത്തിന് ആസ്വാദകര്‍ ഏറെയാണ്.

എ. ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എല്ലാ പാട്ടുകളും വിജയ്ക്ക് ഇഷ്ടമായെങ്കിലും ആദ്യം കേള്‍പ്പിച്ച ഇന്‍ട്രഡക്ഷന്‍ സോംഗ് വിജയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഗാനം മാറ്റി ചെയ്തതാണ് ‘എല്ലാ പുകഴും’ എന്ന ഗാനം പിറക്കുന്നതിന് കാരണമായതെന്ന് പറയുകയാണ് ചിത്രത്തിന്റ നിര്‍മാതാവായ സ്വര്‍ഗചിത്ര അപ്പച്ചന്‍.

പാട്ട് വിജയ്ക്ക് ഇഷ്ടപ്പെട്ടില്ല, പക്ഷെ എ. ആര്‍ റഹ്‌മാനോട് പാട്ട് മാറ്റി കമ്പോസ് ചെയ്യാന്‍ പറയാന്‍ സാധിക്കില്ലെന്നുമാണ് സ്വര്‍ഗ ചിത്ര അപ്പച്ചന്‍ ‘മാസ്റ്റര്‍ ബിന്‍’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. താന്‍ യഥാര്‍ത്ഥത്തില്‍ പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.

‘പാട്ട് കമ്പോസ് ചെയ്ത് സി.ഡി റഹ്‌മാന്‍ തന്നു. സിഡിയുമായി വിജയ് യുടെ വീട്ടില്‍ പോയി. പാട്ട് കേട്ടു. പക്ഷെ വിജയ്ക്ക് പാട്ട് ഇഷ്ടമായില്ല. ഇത് വേണ്ട സാര്‍. ഇത് ശരിയായി വരില്ല സാര്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ റഹ്‌മാനോട് ഒരു പാട്ട് മാറ്റിതരണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടുമില്ല, പറഞ്ഞാലൊട്ട് നടക്കുകയും ഇല്ല.

അത് ഒരു സ്ലോ മൂഡിലുള്ള പാട്ട് ആയിരുന്നു. പക്ഷെ വിജയ് ഇഷ്ട്‌പ്പെട്ടില്ലെന്ന് പറഞ്ഞതോടെ ആകെ പെട്ടുപോയി. മാറ്റി ചെയ്യാന്‍ റഹ്‌മാനോട് പറയാം എന്ന് ഞാന്‍ എന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞു പോയി. ആരും അത് പറയില്ല.

വേറെ പാട്ട് അദ്ദേഹം ചെയ്യുമോ എന്നാണ് വിജയ് ചോദിച്ചത്. ചോദിച്ചു നോക്ക്, കിട്ടില്ല എന്ന് തന്നെയായിരുന്നു വിജയിയും പറഞ്ഞത്.

രണ്ടും കല്‍പ്പിച്ച് റഹ്‌മാനെ കണ്ട് കാര്യം പറഞ്ഞു. ഇന്‍ട്രഡക്ഷന്‍ സോംഗ് ഹീറോയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പേടിച്ച് പേടിച്ച് റഹ്‌മാനോട് പറഞ്ഞു.

ഹീറോയ്ക്കാണോ, നിങ്ങള്‍ക്കാണോ ഇഷ്ടപ്പെടാത്തത് എന്നായിരുന്നു റഹ്‌മാന്‍ തിരിച്ചു ചോദിച്ചത്. എനിക്കും ഇഷ്ടപ്പെട്ടില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു.

അദ്ദേഹം മാറ്റി ചെയ്യണോ എന്ന് ചോദിച്ചു. പക്ഷെ ഗെറ്റ് ഔട്ട് അടിച്ചാലോ എന്ന് പേടിച്ച് അതിന് മറുപടി ഞാന്‍ പറഞ്ഞില്ല. ഡപ്പാംകൂത്ത് പോലെ ഒന്നും ചെയ്യില്ല എന്നും റഹ്‌മാന്‍ പറഞ്ഞു.

അവസാനം അദ്ദേഹം പാട്ട് എഴുതി തന്നാല്‍ കമ്പോസ് ചെയ്യാം എന്നു പറഞ്ഞു. മരിച്ചു പോയ തമിഴ് ഗാനരചയിതാവ് വാലിയോട് കഥ പറഞ്ഞ് പാട്ടെഴുതാന്‍ പറഞ്ഞു. അഡ്വാന്‍സ് കൊടുത്തു. പ്രശ്‌നം ഒരു പരിധി വരെ പരിഹരിച്ചു.

എന്നാല്‍ പിന്നെ ഒരു വിവരവും ഇല്ല. പാട്ട് എഴുതി വാലി നേരെ റഹ്‌മാനാണ് കൊടുത്തത്. ഒരു ദിവസം റഹ്‌മാന്‍ വിളിച്ച് വരാന്‍ പറഞ്ഞു. പാട്ട് കമ്പോസ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് സി.ഡി തന്നു. സി.ഡിയും കൊണ്ട് വിജയിയുടെ വീട്ടില്‍ പോയി. ഡയറക്ടര്‍ ഭരതനൊപ്പം വിജയ് യുടെ വീട്ടില്‍ നിന്ന് പാട്ട് കേട്ടു. വിജയ് ഒന്നും മിണ്ടിയില്ല. ഇഷ്ടപ്പെട്ടു എന്ന് തലകുലുക്കുക മാത്രം ചെയ്തു. അങ്ങനെയാണ് എല്ലാ പുകഴും ഒരുവന്‍ ഒരുവന്‍ എന്ന ഹിറ്റ് ഗാനം പിറക്കുന്നതെന്ന് അപ്പച്ചന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Swargachithra Appachan explains how A R Rahman compose Song ‘Ella pukazhum’

We use cookies to give you the best possible experience. Learn more