തമിഴിലെ നാഗവല്ലിയെ കാണുമ്പോള്‍ നമുക്ക് ചിരിയും കരച്ചിലുമൊക്കെ വരും, അതിനൊരു കാരണമുണ്ട്: സ്വര്‍ഗചിത്ര അപ്പച്ചന്‍
Entertainment
തമിഴിലെ നാഗവല്ലിയെ കാണുമ്പോള്‍ നമുക്ക് ചിരിയും കരച്ചിലുമൊക്കെ വരും, അതിനൊരു കാരണമുണ്ട്: സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th June 2024, 11:05 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 31 വര്‍ഷത്തിന് ശേഷം 4കെ റീമാസ്റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തുകയാണ്.

മലയാളത്തിലെ മികച്ച ആര്‍ട്ടിസ്റ്റുകള്‍ ചെയ്തുവെച്ചതു പോലെ വേറൊരു നടനും ചെയ്തുവെക്കാന്‍ പറ്റില്ലെന്നും ഫാസില്‍ എന്ന സംവിധായകന്‍ ഈ സിനിമയുടെ കഥ മനസിലാക്കി സംവിധാനം ചെയ്തതുപോലെ വേറൊരാള്‍ക്കും സംവിധാനം ചെയ്യാന്‍ കഴിയില്ലെന്നും നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു. 4കെ വേര്‍ഷന്റെ റിലീസുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലാണ് അപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്.

റീമേക്ക് ചെയ്തവര്‍ മണിച്ചിത്രത്താഴിന്റെ 30 ശതമാനം മാത്രമേ ചെയ്തുള്ളൂവെന്നും മലയാളികള്‍ ഒറിജിനല്‍ സ്വീകരിച്ചതുകൊണ്ട് അതിന് മുകളില്‍ മറ്റാര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്നും അപ്പച്ചന്‍ പറഞ്ഞു. തമിഴിലെ നാഗവല്ലിയെ കാണുമ്പോള്‍ ചിരിക്കാനും കരയാനും തോന്നുമെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

‘ഫാസില്‍ ഈ സിനിമയുടെ കഥ തൊട്ടറിഞ്ഞതുപോലെ മറ്റൊരു സംവിധായകനും ചെയ്തിട്ടില്ല. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങിയ ലെജന്‍ഡ്‌സ് ചെയ്തുഫലിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ തമിഴിലോ ഹിന്ദിയിലോ തെലുങ്കിലോ ചെയ്യാന്‍ ആളില്ല എന്നതാണ് സത്യം.

ചന്ദ്രമുഖിയും, ഭൂല്‍ ഭുലയ്യയും, ആപ്തമിത്രയുമൊക്കെ സാമ്പത്തിക വിജയം നേടി എന്നത് സത്യമാണ്. പക്ഷേ മണിച്ചിത്രത്താഴിന്റെ 30 ശതമാനം മാത്രമേ അവര്‍ റീമേക്ക് ചെയ്തിട്ടുള്ളൂ. തമിഴിലെ നാഗവല്ലിയെ കാണുമ്പോള്‍ ചില സമയത്ത് ചിരിക്കാനും അതിന്റെ ഒപ്പം കരയാനും തോന്നും. അതാണ് അവസ്ഥ.’ അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Swargachithra Appachan about the Tamil remake of Manichithrathazhu