| Monday, 23rd September 2024, 8:12 am

മോഹന്‍ലാലും ജോഷിയും ഒന്നിച്ച ആ സിനിമ എങ്ങനെ പരാജയപ്പെട്ടു എന്ന് മനസിലായില്ല: സ്വര്‍ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലൂടെ നിര്‍മാണരംഗത്തേക്ക് കടന്നുവന്നയാളാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. പിന്നീട് ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, പഞ്ചാബി ഹൗസ് തുടങ്ങി ഹിറ്റ് സിനിമകള്‍ അപ്പച്ചന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

മോഹന്‍ലാലും ജോഷിയും ഒന്നിച്ച പ്രജ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് അപ്പച്ചന്‍. ആ സിനിമക്ക് വേണ്ടി ഫൈനാന്‍സ് ചെയ്തവരില്‍ താനുമുണ്ടായിരുന്നെന്ന് അപ്പച്ചന്‍ പറഞ്ഞു. ജോഷി, മോഹന്‍ലാല്‍, രണ്‍ജി പണിക്കര്‍ എന്നിവര്‍ ഒന്നിച്ച സിനിമ എന്ന നിലയില്‍ പ്രജക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

പ്രജയിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമായിരുന്നെന്നും ഷൂട്ടിന്റെ സമയത്ത് താന്‍ അത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അപ്പച്ചന്‍ പറഞ്ഞു. എന്‍.എഫ്. വര്‍ഗീസുമായുള്ള സീനില്‍ നാല് പേജ് ഡയലോഗ് കാണാതെ പഠിച്ച് പറഞ്ഞത് കണ്ടിട്ട് താന്‍ മോഹന്‍ലാലിന് ഉമ്മ കൊടുത്തിരുന്നെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തങ്ങള്‍ക്ക് അത്രമാത്രം പ്രതീക്ഷയുണ്ടായിരുന്ന സിനിമ തിയേറ്ററില്‍ വര്‍ക്കായില്ലെന്നും അതിന്റെ കാരണം മനസിലായില്ലെന്നും അപ്പച്ചന്‍ പറഞ്ഞു. ഇന്നും യൂട്യൂബില്‍ ആ സിനിമിലെ സീനുകള്‍ കാണുമ്പോള്‍ വല്ലാത്ത ഫീലാണെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. വലിച്ചുനീട്ടിയ ഡയലോഗായി ഒരിക്കലും പ്രജയിലെ ഡയലോഗിനെപ്പറ്റി തോന്നിയിട്ടില്ലെന്നും അപ്പച്ചന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്.

‘മോഹന്‍ലാല്‍, ജോഷി, രഞ്ജി പണിക്കര്‍ ഇവര്‍ മൂന്ന് പേരും ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു പ്രജയുടെ ഏറ്റവും വലിയ പ്രത്യേകത. ആ സിനിമ ഞാനല്ല നിര്‍മിച്ചത് പക്ഷേ, അതിന് വേണ്ടി ഫൈനാന്‍സ് ചെയ്തവരില്‍ ഞാനുമുണ്ടായിരുന്നു. രണ്‍ജി പണിക്കര്‍ എഴുതിയ ഡയലോഗിനൊക്കെ ഇന്നും ആരാധകരുണ്ട്. എന്‍.എഫ്. വര്‍ഗീസുമായുള്ള സീനൊക്കെ മോഹന്‍ലാല്‍ ചെയ്യുന്നത് കണ്ട് അന്തം വിട്ടിട്ടുണ്ട്.

സീനെടുക്കുന്നതിന്റെ അന്ന് രാവിലെയാണ് ലാലിന് ഡയലോഗ് കിട്ടുന്നത്. നാല് പേജുള്ള ഡയലോഗ് പ്രേംപ്റ്റിങ് ഒന്നുമില്ലാതെ ലാല്‍ പറയുന്നത് കണ്ട് ഞാന്‍ പുള്ളിക്ക് ഒരു ഉമ്മ കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷേ, എന്തുകൊണ്ടോ തിയേറ്ററില്‍ ആ സിനിമ വര്‍ക്കായില്ല. ഇന്നും ആ സിനിമയിലെ സീനുകള്‍ യൂട്യൂബില്‍ കാണുമ്പോള്‍ എന്തോ വല്ലാത്ത ഒരു ഫീലാണ്,’ അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Swargachithra Appachan about Praja movie

We use cookies to give you the best possible experience. Learn more