| Monday, 17th June 2024, 5:17 pm

അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം തിലകന്‍ ചേട്ടനെയായിരുന്നു ആലോചിച്ചത്: സ്വര്‍ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലതെതയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ് ഫാദര്‍. മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ദിവസം തിയേറ്റര്‍ റണ്‍ ലഭിച്ച ചിത്രമെന്ന റെക്കോഡ് ഇപ്പോഴും ഗോഡ് ഫാദറിനാണ്. 400 ദിവസത്തിനു മുകളിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.

ചിത്രത്തിലെ കഥാപാത്രങ്ങളും ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ടവയാണ്. നാടകാചര്യന്‍ എന്‍.എന്‍. പിള്ളയായിരുന്നു അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ അഞ്ഞൂറാനായി ആദ്യം മനസില്‍ കണ്ടത് തിലകനെയായിരുന്നുവെന്ന് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു. എന്നാല്‍ തിലകന്‍ ആ സമയത്ത് ഒരുപാട് അച്ഛന്‍ വേഷം ചെയ്തുവെന്നും തിലകന്‍ പോലും അച്ഛാ എന്ന് വിളിക്കുന്ന ഏതെങ്കിലും നടന്‍ വേണമെന്ന് സിദ്ദിഖും ലാലും നിര്‍ദേശിച്ചുവെന്നും അപ്പച്ചന്‍ പറഞ്ഞു.

തിലകനെക്കാള്‍ സീനിയറായിട്ടുള്ള നടന്‍ ആ സമയം മലയാള സിനിമയില്‍ ഇല്ലാത്തതുകൊണ്ട് ലാലാണ് എന്‍.എന്‍. പിള്ളയെ നിര്‍ദേശിച്ചതെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. വിജയരാഘവന്‍ വഴി എന്‍.എന്‍ പിള്ളയെ സമീപിച്ചെന്നും, അദ്ദേഹത്തിനെ നിര്‍ബന്ധിപ്പിച്ചാണ് സിനിമയില്‍ അഭിനയിപ്പിച്ചതെന്നും അപ്പച്ചന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്.

‘ഗോഡ് ഫാദര്‍ എന്ന സിനിമയുടെ കഥ പറഞ്ഞ സമയത്ത് വന്ന ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്നായിരുന്നു. കാസ്റ്റിങ് ഒരു സിനിമയുടെ വിജയത്തെ എത്രത്തോളം ബാധിക്കുമെന്നുള്ള ഉദാഹരണമാണ് ഗോഡ് ഫാദര്‍. അഞ്ഞൂറാന്‍ എന്ന പേരൊക്കെ സിദ്ദിഖ് ലാലിന്റെ കോണ്‍ട്രിബ്യൂഷനായിരുന്നു.

അഞ്ഞൂറാനായി ആദ്യം വിചാരിച്ചത് തിലകന്‍ ചേട്ടനെയായിരുന്നു. പുള്ളി ആ സമയത്ത് ഒരുപാട് അച്ഛന്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. അച്ഛന്‍ കഥാപാത്രമായി എല്ലാ ഓഡിയന്‍സിനും ഫെമിലിയറാണല്ലോ. നാല് മക്കളില്‍ ഒരാളായി തിലകന്‍ ചേട്ടന്‍ മതിയെന്ന് സിദ്ദിഖും ലാലും പറഞ്ഞു. പക്ഷേ തിലകന്‍ ചേട്ടന്‍ പോലും അച്ഛാ എന്ന് വിളിക്കുന്ന ആര്‍ട്ടിസ്റ്റ് ആ സമയത്ത് മലയാളത്തില്‍ ഉണ്ടായിരുന്നില്ല.

ഒരുപാട് ആലോചിച്ചപ്പോള്‍ ലാലാണ് എന്‍.എന്‍ പിള്ളയുടെ പേര് സജസ്റ്റ് ചെയ്തത്. അത് നന്നാവുമെന്ന് എനിക്ക് തോന്നി. പക്ഷേ പുള്ളി സിനിമയില്‍ അഭിനയിക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. വിജയരാഘവന്‍ വഴിയാണ് ഞങ്ങള്‍ പിള്ള സാറിനെ സമീപിച്ചത്. പുള്ളിക്ക് ആദ്യം താത്പര്യമുണ്ടായിരുന്നില്ല. പിന്നീട് ഒരുപാട് നിര്‍ബന്ധിച്ചപ്പോഴാണ് സമ്മതിച്ചത്,’ അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Swargachithra Appachan about N N Pillai’s character in Godfather movie

Latest Stories

We use cookies to give you the best possible experience. Learn more