മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ഒരൊറ്റ സിനിമ മാത്രം നിര്‍മിച്ച് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചയാളാണ് താനെന്നും എന്നാല്‍ ആദ്യ സിനിമ പ്രതീക്ഷിച്ച വിജയം നേടാന്‍ പറ്റാത്തതുകൊണ്ട് വീണ്ടും ഇതേ മേഖലയില്‍ തുടരേണ്ടി വന്നയാളാണ് താനെന്നും അപ്പച്ചന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നലിലൂടെയാണ് അപ്പച്ചന്‍ നിര്‍മാണരംഗത്തേക്ക് വരുന്നത്. എന്നാല്‍ ആ ചിത്രം പ്രതീക്ഷിച്ച രീതിയില്‍ വിജയിച്ചില്ല. അതിന്റെ കാരണം അപ്പച്ചന്‍ വ്യക്തമാക്കി. ആ വര്‍ഷത്തെ ഓണം റിലീസായാണ് പൂവിന് പുതിയ പൂന്തെന്നല്‍ റിലീസായത്.
ആ ഓണത്തിന് മമ്മൂട്ടിയുടേതായി അഞ്ച് സിനിമകളാണ് റിലീസായതെന്നും, കൂടെ റിലീസായ സിനിമകളില്‍ ആവനാഴി ഗംഭീര വിജയമായതാണ് പൂവിന് പുതിയ പൂന്തെന്നല്‍ പ്രതീക്ഷിച്ച വിജയം നേടാത്തതെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്.
‘കുട്ടിക്കാലം മുതലേ സിനിമയോട് എനിക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു. ഒരു പ്രായമെത്തിയപ്പോള്‍ സിനിമാനിര്‍മാണമാണ് എന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞു. ഒരുപാട് സിനിമകള്‍ നിര്‍മിക്കാനൊന്നും പ്ലാനുണ്ടായിരുന്നില്ല. ഒരൊറ്റ സിനിമ കൊണ്ട് നിര്‍ത്തുക. അത്രയേ ഉണ്ടയിരുന്നുള്ളൂ. എപ്പോഴാണെങ്കിലും ആദ്യ ചിത്രം ഫാസിലിനെക്കൊണ്ട് സംവിധാനം ചെയ്യിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.
ആ സമയത്ത് ഏറ്റവും നല്ല സംവിധായകന്‍ ഫാസിലായിരുന്നു.അങ്ങനെ ആദ്യത്തെ സിനിമ ഫാസില്‍ സംവിധാനം ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടിയായിരുന്നു നായകന്‍. പൂവിന് പുതിയ പൂന്തെന്നല്‍ ആ വര്‍ഷത്തെ ഓണം റിലീസായി തിയേറ്ററിലെത്തി. മമ്മൂട്ടിയുടേത് മാത്രമായി നാല് സിനിമയായിരുന്നു ആ വര്‍ഷം ഓണം റിലീസായി ഉണ്ടായിരുന്നത്. ആവനാഴി, ശ്യാമ, ന്യായവിധി, പൂവിന് പുതിയ പൂന്തെന്നല്‍.
ഇതില്‍ ആവനാഴി ബ്ലോക്ക്ബസ്റ്ററും, ശ്യാമ സൂപ്പര്‍ഹിറ്റുമായി. പൂവിന് പുതിയ പൂന്തെന്നല്‍ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. കൂടെയിറങ്ങിയത് ഗംഭീര സിനിമയായിരുന്നുവെന്നത് ഒരു കാര്യം. അതുമാത്രമല്ല, സിനിമ കാണാന്‍ വരുന്ന പ്രേക്ഷകര്‍ മമ്മൂട്ടിയെ മാത്രമേ കാണുന്നുള്ളൂ. ഏത് സിനിമയെടുത്താലും അതില്‍ മമ്മൂട്ടിയുണ്ട്. പ്രേക്ഷകര്‍ക്ക് അത് ചെറിയൊരു മടുപ്പുണ്ടാക്കിയെന്ന് തോന്നുന്നു,’ അപ്പച്ചന്‍ പറഞ്ഞു.
Content Highlight: Swargachithra Appachan about his first movie with Mammootty