ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ നടനാണ് ഫഹദ് ഫാസില്‍. എന്നാല്‍ ആദ്യ ചിത്രത്തിലെ അഭിനയത്തിന്റെ പേരില്‍ ഫഹദ് ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നു. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരികയും മലയാളത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മലയാളവും കടന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ആഘോഷിക്കപ്പെടുന്ന നടനായി ഫഹദ് മാറി.
ആദ്യ ചിത്രം പരാജയപ്പെട്ടതിന് ശേഷം ഫഹദ് തന്റെ മുന്നിലിരുന്ന് കരഞ്ഞിരുന്നുവെന്ന് പറയുകയാണ് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍. താന്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്നും നടനെന്ന നിലയില്‍ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുമെന്ന് തന്നോട് ഫഹദ് പറഞ്ഞുവെന്ന് അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഫാസില്‍ എന്ന സംവിധായകന്റെ അതേ വാശി അന്ന് ഫഹദില്‍ താന്‍ കണ്ടുവെന്നും അയാള്‍ അത് സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അപ്പച്ചന്‍ പറഞ്ഞു.
തിരിച്ചുവന്നതിന് ശേഷം അയാള്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുവെന്നും ആവേശം എന്ന സിനിമയുടെ വന്‍ വിജയം അതാണ് കാണിച്ചുതന്നതെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഫഹദ് എന്ന നടന്‍ ഒറ്റക്ക് സ്‌കോര്‍ ചെയ്ത സിനിമയാണ് ആവേശമെന്നും ഇന്ത്യന്‍ സിനിമയില്‍ അതുപോലെ പെര്‍ഫോം ചെയ്യാന്‍ ഫഹദിന് മാത്രമേ സാധിക്കുള്ളൂവെന്നും അപ്പച്ചന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു അപ്പച്ചന്‍.
‘ഫഹദ് എന്ന നടന്റെ നിശ്ചയദാര്‍ഢ്യം നമ്മള്‍ സമ്മതിച്ചുകൊടുത്തേ പറ്റൂ. ആദ്യ സിനിമയില്‍ അഭിനയത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ട നടനാണ് ഫഹദ്. അന്ന് എന്റെ മുന്നിലിരുന്ന് ഷാനു കരഞ്ഞു. ‘അപ്പച്ചനങ്കിള്‍ നോക്കിക്കോ, ഞാന്‍ സിനിയിലേക്ക് തന്നെ തിരിച്ചുവരും’ എന്ന് ഷാനു എന്നോട് പറഞ്ഞു. അച്ചനെപ്പോലെ സംവിധായകനായിട്ടാണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ‘സംവിധായകനല്ല, നടനായിട്ട് തന്നെ തിരിച്ചുവരും’ എന്നാണ് ഷാനു പറഞ്ഞത്. ഫാസില്‍ എന്ന സംവിധായകന്റെ അതേ വാശി അന്ന് ഞാന്‍ ഷാനുവില്‍ കണ്ടു.
അമേരിക്കയില്‍ പോയി അഭിനയം പഠിച്ചിട്ടാണ് ഷാനു തിരിച്ചുവന്നത്. അയാളിപ്പോള്‍ എവിടെയെത്തിയെന്ന് നോക്കൂ, ആവേശം എന്ന സിനിമയില്‍ അയാള്‍ ഒറ്റക്ക് അഴിഞ്ഞാടുകയായിരുന്നു. ചെറുപ്പം മുതലേ ഞാന്‍ കാണുന്ന ഷാനുവിന്റെ യാതൊരു മാനറിസവും ആവേശത്തില്‍ കണ്ടില്ല. ആ സിനിമയം അതിലെ ക്യാരക്ടറും ഇന്ത്യയില്‍ വേറെ ആര്‍ക്കും ചെയ്യാന്‍ കഴിയില്ല. ചെയ്താലും ഷാനുവിന്റെ ലെവലില്‍ എത്തുകയുമില്ല,’ അപ്പച്ചന്‍ പറഞ്ഞു.
Content Highlight: Swargachithra Appachan about Fahadh Faasil and Aavesham movie