| Saturday, 21st September 2024, 6:47 pm

തിരക്കഥയിലും സംവിധാനത്തിലും യാതൊരു പുതുമയും ആ മമ്മൂട്ടിച്ചിത്രത്തിന് ഉണ്ടായിരുന്നില്ല, എന്നിട്ടും അത് ഹിറ്റായി: സ്വര്‍ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ഫാസില്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലൂടെയാണ് അപ്പച്ചന്‍ നിര്‍മാണരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, പഞ്ചാബി ഹൗസ് തുടങ്ങി ഹിറ്റ് സിനിമകള്‍ അപ്പച്ചന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസിയായ സി.ബി.ഐയുടെ അഞ്ചാം ഭാഗത്തെക്കുറിച്ച് സംസാരിക്കുകയാണ് അപ്പച്ചന്‍.

തിരക്കഥയിലും സംവിധാനത്തിലും യാതൊരു പുതുമയുമില്ലാത്ത ചിത്രമായിരുന്നു സി.ബി.ഐ ഫൈവെന്ന് അപ്പച്ചന്‍ പറഞ്ഞു. എന്നിരുന്നാലും തനിക്ക് സാമ്പത്തികമായി ആ ചിത്രം മെച്ചമുണ്ടാക്കിയെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ ജാതകം അങ്ങനെയായിരുന്നെന്നും നൂറ് ദിവസം ഓടുമെന്ന ചിന്തയിലാണ് ആ സിനിമ ചെയ്തതെന്നും അപ്പച്ചന്‍ പറഞ്ഞു. സാമ്പത്തികപരമായി ലാഭം തന്ന സിനിമയായി മാറിയെന്നും, എന്നാലും ഒരു സംതൃപ്തി കിട്ടിയില്ലെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ ഇതിവൃത്തത്തിന് യാതൊരു പുതുമയുമില്ലെന്നും, പ്രേക്ഷകര്‍ക്ക് ഓരോ സീനും ഊഹിക്കാന്‍ കഴിഞ്ഞെന്നും അപ്പച്ചന്‍ പറഞ്ഞു. കുറ്റാന്വേഷണ സിനിമ ചെയ്യുമ്പോള്‍ പ്രേക്ഷകന്‍ ചിന്തിക്കുന്നതിനപ്പുറത്തേക്ക് കഥ സഞ്ചരിക്കണമെന്നും അവരുടെ ചിന്തയുടെ കൂടെ പോയാല്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കുമെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. പ്രേക്ഷകന്റെ ബുദ്ധിയെ കുറച്ചുകാണാതെ അവര്‍ ചിന്തിക്കുന്നതിനപ്പുറമായി വേണം സിനിമയെഴുതാനെന്നും അപ്പച്ചന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സി.ബി.ഐ ഫൈവ് എന്ന സിനിമ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. തിരക്കഥയിലും സംവിധാനത്തിലും ആ സിനിമയില്‍ യാതൊരു പുതുമയും ഇല്ലായിരുന്നു. എന്നാലും സാമ്പത്തികമായി എനിക്ക് മെച്ചമുണ്ടാക്കിയ സിനിമയായിരുന്നു അത്. ആ സിനിമയുടെ ജാതകം അങ്ങനെയായിരുന്നു. നൂറ് ദിവസമൊക്കെ ഓടുന്ന സിനിമ എന്ന ചിന്തയിലാണ് എല്ലാ പടവും ചെയ്യുന്നത്. സി.ബി.ഐ ഫൈവ് ചെയതപ്പോഴും അതേ ചിന്തയായിരുന്നു. കൊമേഴ്‌സ്യലി ആ സിനിമ ലാഭമായിരുന്നു. പക്ഷേ ഒരു സംതൃപ്തി കിട്ടിയില്ലായിരുന്നു.

ആ പടത്തിന്റെ ഇതിവൃത്തത്തിന് യാതൊരു പുതുമയുമില്ലായിരുന്നു. ഒരു ത്രില്ലര്‍ സിനിമ ചെയ്യുമ്പോള്‍ ഓരോ സീന്‍ കഴിയുമ്പോഴും അടുത്ത സീന്‍ പ്രേക്ഷകന്‍ ചിന്തിക്കുന്നതിന്റെ അപ്പുറത്തേക്ക് വരണം. ആ സിനിമയില്‍ ഓരോ സീന്‍ കഴിയുമ്പോഴും പ്രേക്ഷകന്‍ ചിന്തിക്കുന്നതുപോലെ തന്നെയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരിക്കലും നമ്മള്‍ ഓഡിയന്‍സിനെ വിലകുറച്ചു കാണരുത്. നമ്മളെക്കാള്‍ ബുദ്ധിയുള്ളവരാണ് അവര്‍,’ അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Swargachithra Appachan about CBI 5 The

We use cookies to give you the best possible experience. Learn more