| Sunday, 25th August 2024, 2:51 pm

ആ ടൈറ്റില്‍ ശരിയാവില്ലെന്ന് പലരും പറഞ്ഞിട്ടും ഫാസില്‍ സാര്‍ തീരുമാനം മാറ്റിയില്ല: സ്വര്‍ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലൂടെയാണ് അപ്പച്ചന്‍ നിര്‍മാണരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, പഞ്ചാബി ഹൗസ് തുടങ്ങി ഹിറ്റ് സിനിമകള്‍ അപ്പച്ചന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

കുഞ്ചാക്കോ ബോബനെ മലയാളസിനിമക്ക് ഫാസില്‍ പരിചയപ്പെടുത്തിയ ചിത്രമായിരുന്നു അനിയത്തിപ്രാവ്. സുധിയുടെയും മിനിയുടെയും പ്രണയകഥ പറഞ്ഞ അനിയത്തിപ്രാവ് മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തന്റെ ആദ്യചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കിയ നടനെന്നെ റെക്കോഡ് അനിയത്തിപ്രാവിലൂടെ കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കി. ഇന്നും ആ റെക്കോഡ് തകര്‍ക്കാന്‍ മറ്റൊരു പുതുമുഖനടന് സാധിച്ചിട്ടില്ല. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞിട്ടും പറ്റിയ ടൈറ്റില്‍ കിട്ടിയിരുന്നില്ലെന്ന് പറയുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍.

ഷൂട്ടിന് മുമ്പ് തന്നെ പാട്ടുകള്‍ എഴുതിയിരുന്നുവെന്നും ആ സമയത്താണ് ഫാസിലിന് ടൈറ്റില്‍ കിട്ടിയതെന്നും അപ്പച്ചന്‍ പറഞ്ഞു. പാട്ടുകള്‍ തയാറായ ശേഷം രമേശന്‍ നായര്‍ അനിയത്തിപ്രാവിനും എന്ന പാട്ട് പാടിയപ്പോള്‍ ഫാസില്‍ അനിയത്തിപ്രാവ് എന്ന ടൈറ്റില്‍ ഉറപ്പിക്കാന്‍ തന്നോട് പറഞ്ഞതെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. പലരും ആ ടൈറ്റില്‍ ശരിയല്ലെന്ന് പറഞ്ഞിട്ടും ഫാസില്‍ അതില്‍ ഉറച്ചുനിന്നുവെന്നും അപ്പച്ചന്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അപ്പച്ചന്‍ ഇക്കാര്യം പറഞ്ഞത്.

‘ഫാസില്‍ സാര്‍ ഓരോ സിനിമക്കും ടൈറ്റില്‍ ഇടുന്നത് വളരെ ശ്രദ്ധയോടെയായിരിക്കും. പൊട്ട ടൈറ്റിലൊന്നും പുള്ളി ഇടാറില്ല. അനിയത്തിപ്രാവിന്റെ ടൈറ്റില്‍ അങ്ങനെ ഇട്ടതാണ്. സ്‌ക്രിപ്റ്റ് കംപ്ലീറ്റായപ്പോഴും പടത്തിന് ടൈറ്റില്‍ കിട്ടിയില്ല. ഷൂട്ടിന് മുന്നേ പാട്ടുകള്‍ കമ്പോസ് ചെയ്യാന്‍ ഞങ്ങള്‍ ചെന്നൈയില്‍ പോയി. അവിടെ എസ്. രമേശന്‍ നായരും, ഔസേപ്പച്ചനുമൊക്കെ ഉണ്ടായിരുന്നു.

രമേശന്‍ സാര്‍ ആദ്യത്തെ പാട്ട് എല്ലാവരെയും പാടിക്കേള്‍പ്പിച്ചു. ‘അനിയത്തിപ്രാവിനും പ്രിയരിവര്‍’ എന്ന വരി കേട്ടപ്പോള്‍ ഫാസില്‍ സാര്‍ എനിക്ക് തംബ്‌സ് അപ്പ് കാണിച്ചു. ആ ടൈറ്റില്‍ ലോക്ക് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ പലര്‍ക്കും ആ പേര് ഇഷ്ടമായില്ല. വി.ഡി രാജപ്പന്റ ‘അനിയത്തിക്കോഴി’ എന്ന് പേരുള്ള കാസറ്റ് ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു അത്. പക്ഷേ ഫാസില്‍ സാര്‍ തീരുമാനം മാറ്റിയില്ല. ആ പേര് രജിസ്റ്റര്‍ ചെയ്യാന്‍ എന്നോട് പറഞ്ഞു. അങ്ങനെയാണ് ആ ടൈറ്റില്‍ സിനിമക്ക് ഇടുന്നത്,’ അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Swargachithra Appachan about Aniyathipravu movie and Fazil

We use cookies to give you the best possible experience. Learn more