ക്ലൈമാക്‌സ് മാറ്റിയ അനിയത്തിപ്രാവ്; പടം കണ്ട് കണ്ണുനിറഞ്ഞ് ഇറങ്ങി വന്ന മമ്മൂട്ടി; ഓര്‍മ്മകള്‍ പങ്കുവെച്ച് സ്വര്‍ഗചിത്ര അപ്പച്ചന്‍
Malayalam Cinema
ക്ലൈമാക്‌സ് മാറ്റിയ അനിയത്തിപ്രാവ്; പടം കണ്ട് കണ്ണുനിറഞ്ഞ് ഇറങ്ങി വന്ന മമ്മൂട്ടി; ഓര്‍മ്മകള്‍ പങ്കുവെച്ച് സ്വര്‍ഗചിത്ര അപ്പച്ചന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd September 2021, 3:32 pm

1997 ല്‍ ഫാസില്‍ സംവിധാനം ചെയ്ത് സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ച് സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബനെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ആക്കിയ ചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവ്. ബേബി ശാലിനിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ഫാസില്‍ തന്നെ നായികയായും ശാലിനിയെ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ഒരു പത്രവാര്‍ത്തയില്‍ നിന്നുമായിരുന്നു അനിയത്തിപ്രാവിന്റെ കഥ ഫാസിലിന് ലഭിച്ചതെന്നും തുടക്കത്തില്‍ ഫാസില്‍ തന്നോട് പറഞ്ഞ ക്ലൈമാക്‌സ് ആയിരുന്നില്ല ഒടുവില്‍ ഷൂട്ട് ചെയ്തതെന്നും പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ സ്വര്‍ഗചിത്ര അപ്പച്ചന്‍. ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പിലാണ് അനിയത്തിപ്രാവ് സിനിമയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെക്കുന്നത്.

കഥ ഏതാണ്ട് പൂര്‍ത്തിയായിരുന്നെങ്കിലും സിനിമയ്ക്ക് ഒരു നല്ല പേര് കിട്ടിയിരുന്നില്ലെന്നും ”അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ് ” എന്ന രമേശന്‍നായരുടെ വരികളില്‍ നിന്നാണ് ചിത്രത്തിന് അനിയത്തിപ്രാവെന്ന പേര് കിട്ടിയതെന്നും സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.

”സുധിയും മിനിയും കടപ്പുറത്ത് നിന്ന് പിരിയുന്നതാണ് ക്ലൈമാക്‌സ് എന്നാണ് ഫാസില്‍ ആദ്യം എന്നോട് പറഞ്ഞിരുന്നത്. അതുവരെ മലയാള സിനിമ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയൊരു ക്ലൈമാക്‌സാവും ഇതെന്നായിരുന്നു ഫാസില്‍ പറഞ്ഞത്. ഇത് പുതിയ തലമുറയ്ക്ക് നല്‍കുന്ന ഒരു സന്ദേശമായിരിക്കണമെന്നും ക്ലൈമാക്‌സ് ഇന്‍ഡസ്ട്രി ചര്‍ച്ച ചെയ്യുമെന്നും ഫാസില്‍ പറഞ്ഞു.

ഇവര്‍ രണ്ടുപേരും പിരിഞ്ഞുപോയി സുഹൃത്തുക്കളായി വര്‍ഷങ്ങളോളം ജീവിക്കും. പിരിയുന്നിടത്ത് ഒരു പാട്ടുമുണ്ട് എന്നായിരുന്നു പറഞ്ഞത്. അപ്പോള്‍ അത് സ്വീകാര്യമായി തോന്നിയെങ്കിലും കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ക്ലൈമാക്‌സിനെക്കുറിച്ച് ആലോചിച്ച് എനിക്ക് ടെന്‍ഷനായി. മലയാളി പ്രേക്ഷകര്‍ അത് സ്വീകരിക്കുമോ എന്നായിരുന്നു ആശങ്ക. മുമ്പ് നായകന്‍ മരിച്ച ക്ലൈമാക്‌സ് അനുഭവം മുമ്പിലുണ്ട്. ഞാന്‍ ആശങ്കപ്പെടുമ്പോഴൊക്കെ പാച്ചിക്ക എന്നെ സമാധാനിപ്പിക്കും.

ഒരു ദിവസം ബ്രേക്ക് സമയത്ത് ഞാനും പാച്ചിക്കയും ആനന്ദക്കുട്ടനും ഒരുമിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് പാച്ചിക്ക അസിസ്റ്റന്റ് ഡയറക്ടര്‍മാരെ വിളിച്ചുവരുത്തി. അതിനുശേഷം ആനന്ദക്കുട്ടനോട് പറഞ്ഞു. ”നമുക്ക് ആ മാലയുടെ സീനൊന്ന് മാറ്റിയെടുക്കേണ്ടിവരും.”ആനന്ദക്കുട്ടന്‍ തലകുലുക്കി.

പാച്ചിക്ക ക്ലൈമാക്‌സ് സീന്‍ വായിച്ചുകേള്‍പ്പിച്ചു. മിനിയുടെ മാല തിരിച്ചുകൊടുക്കാന്‍ വേണ്ടി പോകുമ്പോഴാണ് ശ്രീവിദ്യ പറയുന്നത്-എനിക്കൊന്നു കാണണമല്ലോ നിന്റെ കുട്ടിയെ. അവര്‍ പോകുന്നു. പിന്നീട് ആ വീട്ടിലുണ്ടാകുന്ന സൈലന്‍സ്. മിനിയെ അനുഗ്രഹിക്കാനായി കൈ ഉയര്‍ത്തുമ്പോഴേക്കും ശ്രീവിദ്യ പൊട്ടിക്കരയുന്നു. ”എന്തു പറഞ്ഞാ ഞാന്‍ അനുഗ്രഹിക്കേണ്ടത്? എന്റെ മോളല്ലേ. ഇങ്ങ് തന്നേര്. ഞാന്‍ നോക്കിക്കോളാം ഇവളെ. പൊന്നുപോലെ.”

”എടുത്തോ, എടുത്തോണ്ട് പോക്കോ. എന്നിട്ട് അവടെ ചെറുക്കനെ അവള്‍ക്കങ്ങ് കൊടുത്തേക്ക്. കൊണ്ടുപൊയ്‌ക്കോ” കെ.പി.എ.സി ലളിത വിതുമ്പുന്നിടത്ത് എത്തിയപ്പോള്‍ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു. ആരും കുറച്ചുനേരത്തേക്ക് മിണ്ടിയില്ല. എന്റെ കണ്ണുകളിലേക്ക് നോക്കിയ പാച്ചിക്ക പറഞ്ഞു”കുട്ടാ ഹിറ്റാ കേട്ടോ.”

ഈയൊരു ക്ലൈമാക്‌സ് അദ്ദേഹം നേരത്തെ എഴുതിവെച്ചിട്ടുണ്ടായിരുന്നു. പക്ഷെ ആരോടും പറഞ്ഞില്ല. പടം ഫസ്റ്റ് കോപ്പി കാണാനായി മദ്രാസ് ഗുഡ്‌ലക്ക് തിയേറ്ററിലേക്ക് മമ്മുക്കയെയും ഭാര്യയെയും ക്ഷണിച്ചിരുന്നു. അന്ന് മമ്മുക്ക താമസിക്കുന്നത് മദ്രാസിലാണ്. എല്ലാവരും ഒരുമിച്ചിരുന്ന് സിനിമ കണ്ടിറങ്ങിയശേഷം മമ്മുക്കയുടെ മുഖത്തേക്ക് നോക്കി. കണ്ണ് നിറഞ്ഞിട്ടുണ്ട്.

മമ്മുക്ക അടുത്തുവന്നു ചോദിച്ചു. ”അപ്പച്ചന്‍ എത്ര രൂപയാണ് ഇതില്‍ ലാഭം പ്രതീക്ഷിക്കുന്നത്?”വലിയ ലാഭമൊന്നും ആഗ്രഹിക്കുന്നില്ലെന്ന് മറുപടി. ”അപ്പച്ചന്‍ പ്രതീക്ഷിച്ചതിലും ലാഭം കിട്ടിയാല്‍ എനിക്കുതരണം കേട്ടോ” ഞാന്‍ ചിരിച്ചതേയുള്ളൂ.

1996 മാര്‍ച്ച് 26 ന് സിനിമ റിലീസായി. ആദ്യദിവസം കേരളത്തിലെങ്ങും അമ്പതു ശതമാനത്തിനുമേല്‍ ഓഡിയന്‍സില്ല. ചാക്കോച്ചനെ ശാലിനിയുടെ സഹോദരന്‍ തല്ലുന്ന സീന്‍ വന്നപ്പോള്‍ മിക്ക തിയേറ്ററുകളിലും കൂവലുണ്ടായി. അതൊരു സൈക്കോളജിയാണ്. ചാക്കോച്ചനെ ജനം സ്വീകരിച്ചു എന്നതിന്റെ സൂചന.

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കൂവലുകള്‍ നിലച്ചു. 283 ദിവസം കോഴിക്കോട് ബ്ലൂഡയമണ്ട്‌സില്‍ സിനിമ ഓടി. കോളേജ് വിദ്യാര്‍ഥികള്‍ മാത്രമല്ല, വീട്ടിലെ കാരണവന്‍മാര്‍ക്കും സിനിമ ഇഷ്ടപ്പെട്ടു. ചാക്കോച്ചനും ശാലിനിയും താരങ്ങളായി. ചാക്കോച്ചന് ചാക്ക് നിറയെ പ്രണയലേഖനങ്ങള്‍ കിട്ടി. അതില്‍ ചിലത് രക്തത്തില്‍ എഴുതിയവയായിരുന്നു. പ്രേക്ഷകര്‍ അത്രയ്ക്കും ആ സിനിമയെ ഇഷ്ടപ്പെട്ടു,”സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Swargachithra Appachan About Aniyathippravu Movie and Climax