ഭീഷ്മ പര്‍വ്വത്തിന്റെ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ ഒരുപിടി ചിത്രങ്ങളാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതിലൊന്നാണ് സി.ബി.ഐ 5 ദി ബ്രെയ്ന്‍. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ചിരിക്കുന്ന സി.ബി.ഐ സീരിസിലെ സേതുരാമയ്യരുടെ അഞ്ചാം വരവ് എങ്ങനെയാകുമെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.
ചിത്രത്തിന് ആദ്യം പേര് നല്‍കിയത് സി.ബി.ഐ 5 എന്ന് തന്നെയായിരുന്നു എന്ന് പറയുകയാണ് നിര്‍മാതാവ് സ്വര്‍ഗചിത്രാ അപ്പച്ചന്‍. തന്റെ നിര്‍ബന്ധം മൂലമാണ് ദി ബ്രെയ്ന്‍ കൂടി കൂട്ടിച്ചേര്‍ത്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈജു നായരുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം സി.ബി.ഐ 5 ദി ബ്രെയ്‌ന് പിന്നിലുള്ള കഥകള്‍ പറഞ്ഞത്.
”സി.ബി.ഐ 5 എന്ന പേര് എസ്. എന്‍. സ്വാമി കഥ എഴുതുമ്പോള്‍ തന്നെ ഉണ്ടായിരുന്നു. ആ പേര് സംവിധായകന്‍ മധു സാറിനും എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. മമ്മൂക്കയും ദുല്‍ഖറും പറഞ്ഞ് കൊണ്ടിരുന്നത് ഈ ചിത്രത്തിന് സി.ബി.ഐ 5 എന്ന ടൈറ്റില്‍ മാത്രം മതി എന്നായിരുന്നു. എനിക്കും സി.ബി.ഐ 5 ന്റെ കൂടി എന്തെങ്കിലും വേണമെന്ന് തന്നെയായിരുന്നു. എന്നാലല്ലേ ഒരു ഐഡന്റിറ്റി കിട്ടുള്ളു,” സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.
”സേതുരാമയ്യറുടെ ഒരു ആയുധം അദ്ദേഹത്തിന്റെ ബ്രെയ്നാണ്. ആ കഥാപാത്രത്തിന് അടിയും ഇടിയും, തോക്കും, ഒരു പേന കത്തി പോലും ആയുധമായി ഇല്ലല്ലോ. അങ്ങനെ ദി ബ്രെയ്ന്‍ എന്ന പേരും കൂടി വെക്കണം എന്ന് ഞാന്‍ പറഞ്ഞു. ആ ആലോചന നീണ്ട് പോയി. ഈ പേര് മധു സാറിനും, സ്വാമിക്കും, മമ്മൂക്കയ്ക്കും ഇഷ്ടപ്പെടണമല്ലോ. മമ്മൂക്കയാണ് മെയ്ന്‍. ബാക്കി രണ്ടുപേരെയും നമ്മുക്ക് പറഞ്ഞ് സമാധാനിപ്പിക്കാം. മമ്മൂക്കയെ പെട്ടെന്ന് സമ്മതിപ്പിക്കാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ പൂര്‍ണ്ണമായും തോന്നണം.
അപ്പച്ചന് ഫസ്റ്റ് ഡേ നല്ല ആളുകള്‍ വരുകയും, ലാഭം കിട്ടുകയും അല്ലെ വേണ്ടത്, അതിന് സി.ബി.ഐ 5 എന്ന പേര് മതി എന്നായിരുന്നു മമ്മൂക്ക എന്നോട് പറഞ്ഞത്. അത് ശരിയാണ്, പക്ഷേ എന്റെ ഒരു ആഗ്രഹമാണ് എന്ന് ഞാന്‍ പറഞ്ഞു.
അവസാനം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം സി.ബി.ഐ 5: ദി ബ്രെയ്ന്‍ എന്ന പേര് എഴുതി കാണിക്കാന്‍ എന്നോട് മമ്മൂക്ക പറഞ്ഞു. ആദ്യം അദ്ദേഹം കണ്ടിട്ട് ആ പേര് വേണ്ട, അത് ശരിയാവില്ല എന്ന് പറഞ്ഞു. രണ്ടാമത് വേറെ ഡിസൈനില്‍ എഴുതി കാണിച്ചപ്പോള്‍ മമ്മൂക്ക രണ്‍ജി പണിക്കരെ വിളിച്ച് കാണിച്ച് കൊടുത്തു. രണ്‍ജി പണിക്കര്‍ കണ്ടിട്ട് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.
അത് പറയാന്‍ വേണ്ടി ചെറിയ രീതിയില്‍ രണ്‍ജിയെ സ്വാധീനിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഈ കാര്യം മമ്മൂക്ക അറിഞ്ഞാല്‍ എനിക്ക് ഭ്രാന്താണെന്ന് വിചാരിക്കും. അവസാനം അപ്പച്ചന് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെയാണ് സി.ബി.ഐ 5: ദി ബ്രെയ്ന്‍ എന്ന പേര് ചിത്രത്തിന് വന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഗതി ശ്രീകുമാര്‍, മുകേഷ്, സായികുമാര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ട്. അഖില്‍ ജോര്‍ജാണ് സി.ബി.ഐ 5 ന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
Content Highlight: swarga chithra appachan about the name of the movie cbi 5 the brain