'അയോധ്യയിലെ ഭൂമി പൂജയ്ക്ക് ക്ഷണിച്ചില്ലെങ്കില്‍ ജലസമാധി സ്വീകരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ്'; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
fakenews
'അയോധ്യയിലെ ഭൂമി പൂജയ്ക്ക് ക്ഷണിച്ചില്ലെങ്കില്‍ ജലസമാധി സ്വീകരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ്'; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th July 2020, 9:39 am

 

ന്യൂദല്‍ഹി: ഓഗസ്റ്റ് 5 ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ ഭൂമി പൂജയിലേക്ക് ക്ഷണിച്ചില്ലെങ്കില്‍ താന്‍ ജലസമാധി സ്വീകരിക്കുമെന്ന്     സമാജ് വാദി  പാര്‍ട്ടി നേതാവ് ആസാം ഖാന്‍ പറഞ്ഞതായി വലതുപക്ഷ വാര്‍ത്താ വെബ്സൈറ്റ് സ്വരാജ്യ.

സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞ ഈ വാര്‍ത്തയുടെ സത്യാവസ്ഥ മറ്റൊന്നാണെന്ന് ബൂംലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂമി പൂജയ്ക്ക് ക്ഷണിച്ചില്ലെങ്കില്‍ സരയൂ നദിയില്‍ ചാടി ജല സമാധിയടയും എന്ന് പറഞ്ഞത് എസ്.പി നേതാവല്ല. മുസ്‌ലിം കര്‍സേവക് മഞ്ചിന്റെ ദേശീയ പ്രസിഡന്റിന്റെ പ്രസ്താവനയാണ് എസ.്പി നേതാവിന്റേത് എന്ന രീതിയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് മുന്നോടിയാണ് ഖാന്റെ ഈ വിവാദ പ്രസ്താവന. അടുത്ത മാസം ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘രാം മന്ദിറിലെ ഭൂമി പൂജയ്ക്ക് ക്ഷണിച്ചില്ലെങ്കില്‍ ജലസമാധിയടയും: എസ്.പി നേതാവ് അസം ഖാന്‍, രാമഭക്തനായി മാറിക്കഴിഞ്ഞു, എന്ന തലക്കെട്ടോടെയാണ് സ്വരാജ്യയില്‍ വാര്‍ത്ത വന്നത്.

വാര്‍ത്തയില്‍ എസ്.പി നേതാവ് അസം ഖാന്റെ ഫോട്ടോകളാണ് നല്‍കിയിരുന്നത്. ധാരാളം പേര്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്തിരുന്നു. ബി.ജെ.പി വക്തവായ സംപിത് പത്രയും ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ സമാജ് വാദി നേതാവ് അസം ഖാന്‍ എന്ന് തെറ്റിദ്ധരിച്ച് ഷെയര്‍ ചെയ്യുന്ന ചിത്രം വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മുസ്‌ലിം കര്‍സേവക് മഞ്ച് ദേശീയ പ്രസിഡന്റ് കന്‍വര്‍ മുഹമ്മദ് അസം ഖാന്റെ പ്രസ്താവനയാണ് സമാജ് വാദി നേതാവിന്റെത് എന്ന നിലയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 25 നാണ് ഭൂമി പൂജയ്ക്ക് ക്ഷണിച്ചില്ലെങ്കില്‍ താന്‍ ജലസമാധിയടയും എന്ന് കന്‍വര്‍ മുഹമ്മദ് അസം ഖാന്‍ പറഞ്ഞത്. ദേശീയ മാധ്യമങ്ങളായ ന്യൂസ് 18, ആജ് തക്ക് എന്നിവയില്‍ ഇത് വാര്‍ത്തയാകുകയും ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് ഇപ്പോള്‍ സമാജ് വാദി നേതാവ് അസം ഖാന്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത്.

കടപ്പാട് : ബൂംലൈവ്

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ