| Sunday, 19th February 2023, 8:53 pm

മനോരമയുടെ ഈ തലക്കെട്ട് വായിച്ചാല്‍ ബി.ബി.സിക്ക് അസുഖം വന്നിട്ട് ഡോക്ടര്‍ വന്ന് പരിശോധിച്ചു എന്നാണ് തോന്നുക: എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ബി.സിയുടെ ന്യൂദല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയെ മലയാള മനോരമ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്.

‘ബി.ബി.സിയില്‍ പരിശോധന’ എന്നാണ് മലയാള മനോരമ തലക്കെട്ട് നല്‍കിയതെന്നും ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ശേഷമുള്ള ഈ റെയ്ഡിനെ മനോരമ നിസാരവല്‍ക്കരിച്ചെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ‘തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.

ബി.ബി.സിയില്‍ പരിശോധന എന്ന തലക്കെട്ട് വായിച്ചാല്‍ തോന്നുക ബി.ബി.സിക്ക് എന്തോ അസുഖം വന്നതുകൊണ്ട്, ഏതൊ ഡോക്ടര്‍ വന്ന് പരിശോധിച്ച് പോയി എന്നാണെന്നും അദ്ദേഹം പരിഹസിച്ചു. മുമ്പ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ടും മലയാള മനോരമ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാതെയിള്ള തലക്കെട്ട് നല്‍കിയിരുന്നെന്നും സ്വരാജ് പറഞ്ഞു.

‘പ്രതികാര റെയ്ഡ്’ എന്ന തലക്കെട്ട് നല്‍കി ദേശാഭിമാനി ദിനപത്രം സംഭവത്തെിലെ അധികാര ദുര്‍വിനിയോഗത്തെ തുറന്നുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വരാജിന്റെ വാക്കുകള്‍

വിമര്‍ശനങ്ങളെ കേന്ദ്രം എങ്ങനെ നേരിടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബി.ബി.സി ഓഫീസില്‍ നടന്ന റെയ്ഡ്. അന്വേഷണ ഏജന്‍സികളേയും ഔദ്യോഗിക സംവിധാനങ്ങളേയും തങ്ങള്‍ക്കെതിരായവരെ വേട്ടയാടാന്‍ ഉപയോഗിക്കുകയാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍.

ബി.ബി.സി റെയ്ഡിനെ ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശാഭിമാനിക്ക് മടിയുണ്ടായില്ല. ‘പ്രതികാര റെയ്ഡ്’ എന്നായിരുന്നു ദേശാഭിമാനിയുടെ തലക്കെട്ട്. ഒറ്റവാക്കുകൊണ്ട് ഇന്ത്യയില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തെ തുറന്നുകാട്ടാന്‍ ദേശാഭിമാനിക്കായി. എന്നാല്‍ എടുത്തുപറയേണ്ട മറ്റൊരു തലക്കെട്ട് മലയാള മനോരമയുടേതാണ്.

ബി.ബി.സിയില്‍ പരിശോധന എന്നായിരുന്നു മനോരമയുടെ തലക്കെട്ട്. ഇത് വായിച്ചാല്‍ തോന്നുക ബി.ബി.സിക്ക് എന്തോ അസുഖം വന്നതുകൊണ്ട് ഏതൊ ഒരു ഡോക്ടര്‍ വന്ന് പരിശോധിച്ചു എന്നാണ്. അല്ലെങ്കില്‍ ബി.ബി.സിയുടെ ഓഫീസില്‍ എന്തോ സാങ്കേതിക തകരാര്‍ വന്നപ്പോള്‍ വിദഗ്ധന്മാര്‍ ഒരു പരിശോധന നടത്തിയെന്നാണ്.

മുന്‍പ് ഇതേ പത്രമാണ് ‘സ്റ്റാന്‍ സ്വാമി’ ആശുപത്രിയില്‍ മരിച്ചു എന്ന് തലക്കെട്ട് നല്‍കിയത്. കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കള്ളക്കേസില്‍ രാഷ്ട്രീയ പ്രേരിതമായി പ്രതി ചേര്‍ത്തിട്ട് ജയിലിലടച്ച് ക്രൂരമായി പീഡിപ്പിച്ചാണ് സ്റ്റാന്‍ സ്വാമിയെ ഭരണകൂടം കൊലപ്പെടുത്തിയത്. മനോരമയുടെ വാര്‍ത്തയിലെ പ്രയോഗം ഈ നൂറ്റാണ്ടിലെതന്നെ മനുഷ്യ വിരുദ്ധമായ ഒന്നാണ്. അതേ മനോരമയാണ് ബി.ബി.സിയല്‍ പരിശോധന എന്ന തലക്കെട്ട് നല്‍കിയിരിക്കുന്നത്.

Content Highlight: M. Swaraj criticizing malayala manorama

We use cookies to give you the best possible experience. Learn more