തിരുവനന്തപുരം: ബി.ബി.സിയുടെ ന്യൂദല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയെ മലയാള മനോരമ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്.
‘ബി.ബി.സിയില്‍ പരിശോധന’ എന്നാണ് മലയാള മനോരമ തലക്കെട്ട് നല്‍കിയതെന്നും ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് ശേഷമുള്ള ഈ റെയ്ഡിനെ മനോരമ നിസാരവല്‍ക്കരിച്ചെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ‘തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്.
ബി.ബി.സിയില്‍ പരിശോധന എന്ന തലക്കെട്ട് വായിച്ചാല്‍ തോന്നുക ബി.ബി.സിക്ക് എന്തോ അസുഖം വന്നതുകൊണ്ട്, ഏതൊ ഡോക്ടര്‍ വന്ന് പരിശോധിച്ച് പോയി എന്നാണെന്നും അദ്ദേഹം പരിഹസിച്ചു. മുമ്പ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ടും മലയാള മനോരമ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാതെയിള്ള തലക്കെട്ട് നല്‍കിയിരുന്നെന്നും സ്വരാജ് പറഞ്ഞു.
‘പ്രതികാര റെയ്ഡ്’ എന്ന തലക്കെട്ട് നല്‍കി ദേശാഭിമാനി ദിനപത്രം സംഭവത്തെിലെ അധികാര ദുര്‍വിനിയോഗത്തെ തുറന്നുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വരാജിന്റെ വാക്കുകള്‍
വിമര്‍ശനങ്ങളെ കേന്ദ്രം എങ്ങനെ നേരിടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബി.ബി.സി ഓഫീസില്‍ നടന്ന റെയ്ഡ്. അന്വേഷണ ഏജന്‍സികളേയും ഔദ്യോഗിക സംവിധാനങ്ങളേയും തങ്ങള്‍ക്കെതിരായവരെ വേട്ടയാടാന്‍ ഉപയോഗിക്കുകയാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍.