വീട്ടിലിരിക്കാനും പുരപ്പുറത്തു കയറി ഒച്ചയുണ്ടാക്കാനും പറയാന്‍ നിങ്ങളുടെ രാഷ്ട്രീയാധികാരം ആവശ്യമില്ല; കൊവിഡിനെ നേരിടാന്‍ കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുമോയെന്ന് മോദിയോട് സ്വരാജ്
Kerala News
വീട്ടിലിരിക്കാനും പുരപ്പുറത്തു കയറി ഒച്ചയുണ്ടാക്കാനും പറയാന്‍ നിങ്ങളുടെ രാഷ്ട്രീയാധികാരം ആവശ്യമില്ല; കൊവിഡിനെ നേരിടാന്‍ കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കുമോയെന്ന് മോദിയോട് സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th March 2020, 5:42 pm

കോഴിക്കോട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് എം. സ്വരാജ് എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്നലെ രാത്രി 8 മണിയ്ക്ക് ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമല്ല. ഒരു ഞായറാഴ്ച വീട്ടിലിരിയ്ക്കണമെന്നും വൈകിട്ട് അഞ്ചു മണിയ്ക്ക് പുരപ്പുറത്തു കയറി ഒച്ചയുണ്ടാക്കണമെന്നും ആഹ്വാനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയാധികാരം ആവശ്യമില്ല’, സ്വരാജ് പറഞ്ഞു.

ഈ മഹാമാരിയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് എത്ര തുക നല്‍കുമെന്നും സ്വരാജ് ചോദിച്ചു. കേരള മുഖ്യമന്ത്രി ഈ മഹാമാരിയെ നേരിടാനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചതും ജനങ്ങളെ സഹായിക്കാനായി കേരള മാതൃക സ്വീകരിയ്ക്കുകയും ചെയ്യണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്നലെ രാത്രി 8 മണിയ്ക്ക് ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമല്ല.
ഒരു ഞായറാഴ്ച വീട്ടിലിരിയ്ക്കണമെന്നും വൈകിട്ട് അഞ്ചു മണിയ്ക്ക് പുരപ്പുറത്തു കയറി ഒച്ചയുണ്ടാക്കണമെന്നും ആഹ്വാനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയാധികാരം ആവശ്യമില്ല .

ഞായറാഴ്ച മാത്രമല്ല മറ്റു ദിവസങ്ങളിലും അത്യാവശ്യങ്ങള്‍ക്കു മാത്രമായി യാത്രകള്‍ ചുരുക്കുന്നതാണുചിതം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനും നിശ്ചിത അകലം പാലിയ്ക്കാനും ഹാന്റ്‌സാനിറ്റൈസര്‍ ഉപയോഗിക്കാനുമൊക്കെ ജനങ്ങള്‍ ശീലിച്ചു തുടങ്ങി . അത് തുടരാനും ജാഗ്രത പാലിയ്ക്കാനും ആര് ആഹ്വാനം ചെയ്താലും തെറ്റല്ല.

എന്നാല്‍ ഈ സവിശേഷ സാഹചര്യത്തില്‍ പ്രധാനമന്ത്രിയ്ക്ക് മാത്രം പ്രഖ്യാപിയ്ക്കാവുന്ന പലതുമുണ്ട്.
Covid 19 ഭീഷണി നേരിടാനുള്ള ജനങ്ങളുടെ മഹാ പരിശ്രമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയൊക്കെ പിന്തുണയ്ക്കുമെന്നാണ് ന്യായമായും പ്രധാനമന്ത്രി പറയേണ്ടത്. അതിന് പ്രധാനമന്ത്രിയ്ക്ക് ബാധ്യതയുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മഹാമാരിയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് എത്ര തുക നല്‍കും ?

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട GST വിഹിതം അന്യായമായി പിടിച്ചു വെച്ച കേന്ദ്രം
ഈയവസരത്തിലെങ്കിലും അത് തിരിച്ചു നല്‍കുമോ ?

തൊഴിലുറപ്പു തൊഴിലാളികളുടെ ചെയ്ത ജോലിയുടെ കൂലി ഈ പട്ടിണിക്കാലത്തെങ്കിലും കൊടുത്തു തീര്‍ക്കുമോ ?

കേന്ദ്ര സര്‍ക്കാരിന്റെ ചിലവില്‍ ഓരോ സംസ്ഥാനത്തും അടിയന്തിരമായി എത്ര കൊറോണ ലാബുകള്‍ ആരംഭിയ്ക്കും ?

ജോലിയ്ക്കു പോകാനാവാതെ വിഷമിയ്ക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റത്യാവശ്യ സാധനങ്ങളും എത്ര ആഴ്ച്ചത്തേയ്ക്ക് സൗജന്യമായി നല്‍കും ?

രാജ്യമെമ്പാടുമുള്ള FCI ഗോഡൗണുകളില്‍ കെട്ടിക്കിടന്നു ചീഞ്ഞഴുകി പോകുന്ന അരിയെങ്കിലും കേടാവുന്നതിന് മുമ്പ് സൗജന്യ വിതരണം ചെയ്യുമോ ?

ഹാന്റ് സാനിറ്റൈസറും, മാസ്‌കും ആവശ്യാനുസരണം സൗജന്യമായി ലഭ്യമാക്കുന്നതിന് എത്ര തുക നീക്കിവെയ്ക്കും ?

മാരക വൈറസുകളുടെ വ്യാപനത്തെ സംബന്ധിച്ചും മറ്റുമുള്ള പഠന ഗവേഷണങ്ങള്‍ക്ക് എന്തു നടപടി ഭാവിയില്‍ സ്വീകരിയ്ക്കും ?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സമയത്ത് തൊഴില്‍ നഷടപ്പെടുന്നവര്‍ക്കായി ഏതൊക്കെ പദ്ധതികളാണ് ആവിഷ്‌കരിയ്ക്കുക ?

തൊഴില്‍ നഷ്ടം ഭയാനകമാവുന്ന ഈ ഘട്ടത്തില്‍ റെയില്‍വെയിലെ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കായ ഒഴിവുകള്‍ പൂര്‍ണമായി നികത്തുന്നതിന് നടപടി സ്വീകരിയ്ക്കുമോ ?

അടിമുടി ആടിയുലയുന്ന സമ്പദ് വ്യവസ്ഥയെ നേരെ നിര്‍ത്താന്‍ , ജനങ്ങള്‍ക്ക് പ്രതീക്ഷയുളവാക്കുന്ന എന്തൊക്കെ നടപടികളാണ് സ്വീകരിയ്ക്കുക ?

ബഹു. പ്രധാനമന്ത്രി
മറ്റ് രാഷ്ട്രങ്ങളിലെ സര്‍ക്കാര്‍ നടപടികള്‍ ഒന്നു ശ്രദ്ധിയ്ക്കണം. അവരെങ്ങനെയാണ് ഈ പ്രതിസന്ധിയെ നേരിടുന്നതെന്ന് മനസിലാക്കണം. സ്വന്തം ജനതയെ എത്ര കരുതലോടെയാണവര്‍ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നതെന്ന് അറിയണം.
അമേരിക്ക 1.2 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. ഇറ്റലി 350 ബില്യണ്‍ യൂറോയുടേയും, ചൈന 55ഛ ബില്യണ്‍ യുവാന്റെയും കാനഡ 50 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെയും ജര്‍മനി 550 ബില്യണ്‍ യൂറോയുടേയും സ്‌പെയിന്‍ 600 ബില്യണ്‍ യൂറോയുടേയും സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ത്യയോ ????
പുരപ്പുറത്തു കയറി കൈകൊട്ടി ഒച്ചയുണ്ടാക്കണമെന്ന് ….!
ഭയചകിതരായ ഒരു ജനതയോട്…
തൊഴില്‍ ചെയ്യാന്‍ പുറത്തിറങ്ങാനാവത്തവരോട് .. പട്ടിണിയിലായ പാവങ്ങളോട് ..
ഈ രാഷ്ട്രം പറയുന്നതെന്താണ് ?
പുരപ്പുറത്തു കയറാനോ ??

കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഈ മഹാമാരിയെ നേരിടാനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചതെങ്കിലും പ്രധാനമന്ത്രി മനസിലാക്കുകയും , ജനങ്ങളെ സഹായിക്കാനായി കേരള മാതൃക സ്വീകരിയ്ക്കുകയും ചെയ്താലത് രാജ്യത്തിന് ഗുണമാകും.

ഈ പ്രത്യേക സാഹചര്യത്തെ നേരിടാന്‍ കേരളത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ് ഒരു നാട് തകര്‍ന്നു പോകാതിരിയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മഹത്തായ പരിശ്രമമാണ്. എല്ലാ പത്രങ്ങളും അത് വിശദമായിത്തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മലയാള മനോരമ വായനക്കാര്‍ക്കു മാത്രം അക്കാര്യം മനസിലാവാന്‍ ഒമ്പതാം പേജ് വരെ കുത്തിയിരുന്ന് വായിക്കണമെന്നു മാത്രം. അറിയാനുള്ള വായനക്കാരുടെ അവകാശത്തെ ഇങ്ങനെയും പരിഹസിയ്ക്കാം.

ഭയാനകമായ കെടുതിയുടെ കാലത്തും ഇന്ധനവില വര്‍ദ്ധിപ്പിച്ചും , പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കിയും ജനങ്ങളോട് അസാമാന്യ അതിക്രമം കാണിയ്ക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിയ്ക്കാനാവില്ലെന്നതും സത്യമാണ്.
വൈറസിനെ പ്രതിരോധിയ്ക്കാന്‍ ഗോമൂത്രം കുടിച്ചാല്‍ മതിയെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവര്‍ക്ക് ആഘോഷിയ്ക്കാന്‍ പുരപ്പുറത്ത് കയറി കൈകൊട്ടിയാര്‍ത്തു വിളിയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം മാത്രം മതിയാവും.
പക്ഷേ ഇന്ത്യയ്ക്ക് അതിജീവിയ്ക്കാന്‍ അതു പോര .