എന്റെ മകള്‍ ജനിച്ചത് ഗസയില്‍ ആയിരുന്നെങ്കിലോ? സ്വര ഭാസ്‌ക്കര്‍
national news
എന്റെ മകള്‍ ജനിച്ചത് ഗസയില്‍ ആയിരുന്നെങ്കിലോ? സ്വര ഭാസ്‌ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st October 2023, 4:46 pm

ന്യൂദല്‍ഹി: തടവിലാക്കപ്പെട്ട ആകാശത്തിനു കീഴില്‍ അനുദിനം ജീവന് വേണ്ടി മല്ലിട്ടുകൊണ്ടിരിക്കുന്ന ഗസയിലെ കുഞ്ഞുങ്ങളുടെ ജീവിതത്തിലുള്ള ആശങ്ക പങ്കുവെച്ചു ഇന്ത്യന്‍ അഭിനേത്രി സ്വര ഭാസ്‌ക്കര്‍. തന്റെ കുഞ്ഞു ജനിച്ചത് ഗസയില്‍ ആയിരുന്നെങ്കില്‍ താന്‍ അവളെ എങ്ങനെ സംരക്ഷിക്കുമെന്നുള്ള ആകുലത പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പും മകളുമായുള്ള ഫോട്ടോയും സ്വര എക്‌സില്‍ പോസ്റ്റ് ചെയ്തു.

‘ലോകമെമ്പാടുമുള്ള അമ്മമാരെ പോലെ തന്നെയാണ് ഞാന്‍. നവജാത ശിശുവിനെ മണിക്കൂറുകളോളം നോക്കിയിരിക്കാനും അതിലൂടെ സമാധാനവും സന്തോഷവും കണ്ടെത്താനും ഏതൊരു അമ്മയ്ക്കും സാധിക്കുമെന്ന് എനിക്കറിയാം. പക്ഷെ ഇന്ന് അവഗണിക്കാന്‍ പ്രയാസമുള്ള ഭയാനകമായ ദൃശ്യങ്ങളാണ് മനസിലേക്ക് വരുന്നത്,’ സ്വര പറഞ്ഞു.

ഗസയിലേത് പോലുള്ള ഒരു സാമൂഹിക പരിതസ്ഥിതിയില്‍ തന്റെ മകള്‍ ഒരിക്കലും അകപ്പെടാതിരിക്കട്ടെയെന്നും അവള്‍ ജനിച്ചിരിക്കുന്നത് അനുഗ്രഹത്തോടെയുമാണെന്ന് സ്വര കുറിച്ചു.

എന്ത് ശാപമാണ് ഗസയിലെ കുഞ്ഞുങ്ങള്‍ക്കും അവരുടെ ജീവിതത്തിനും ബാധിച്ചതെന്നതില്‍ തനിക്ക് ആശ്ചര്യം തോന്നുന്നുവെന്നും സ്വര കൂട്ടിച്ചേര്‍ത്തു.

തിന്മയും ധാര്‍മ്മിക അധഃപതനവുമാണ് ഇന്ന് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സ്വര കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

‘ലോകം അനുവദിച്ചു കൊടുത്ത ലൈസന്‍സുമായി വന്‍ ശക്തികള്‍ ഫലസ്തീനിലെ ആശുപതികളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും പള്ളികളിലും കുഞ്ഞുങ്ങളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുന്നു. എന്നാല്‍ ഈ ഇരുണ്ട ലോകത്ത് കുറ്റം ചെയ്യുന്നവര്‍ക്ക് ശിക്ഷയുമില്ല. തീര്‍ത്തും നാം ജീവിക്കുന്നത് അന്യായമായ ലോകത്താണ്,’ സ്വര അഭിപ്രായപ്പെട്ടു.

ലോകം സംരക്ഷിക്കാത്ത ഗസയിലെ കുഞ്ഞുങ്ങളെ വേദനയില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് കേള്‍ക്കാന്‍ കഴിയുന്ന ദൈവങ്ങളോട് താന്‍ പ്രാര്‍ത്ഥിക്കുന്നതായും സ്വര അറിയിച്ചു.

 

 

Content Highlight: Swara Bhasker wonders how she would protect her kid is she were born in Gaza