ഇത് എന്നെയല്ല ബോധ്യപ്പെടുത്തേണ്ടത്, നാല് ദിവസത്തെ സമയം നല്‍കി സംവാദത്തിന് വെല്ലുവിളിച്ചയാളെ ഉത്തരംമുട്ടിച്ച് സ്വര ഭാസ്‌ക്കര്‍
Farmer Protest
ഇത് എന്നെയല്ല ബോധ്യപ്പെടുത്തേണ്ടത്, നാല് ദിവസത്തെ സമയം നല്‍കി സംവാദത്തിന് വെല്ലുവിളിച്ചയാളെ ഉത്തരംമുട്ടിച്ച് സ്വര ഭാസ്‌ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th December 2020, 5:38 pm

മുംബൈ: കര്‍ഷക സമരത്തില്‍ തന്നെ വെല്ലുവിളിച്ച ട്വിറ്റര്‍ ഉപയോക്താവിന് മറുപടി നല്‍കി ബോളിവുഡ് നടി സ്വരഭാസ്‌ക്കര്‍. ദേശി മൊജിത്തോ എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് സ്വരഭാസ്‌ക്കറിനും പഞ്ചാബി ഗായകന്‍ ദില്‍ജിത്ത് ദൊസാന്‍ഝിനും വെല്ലുവിളി വന്നത്.

കാര്‍ഷിക നിയമത്തില്‍ താനുമായി വെര്‍ച്വല്‍ സംവാദത്തിന് തന്റേടമുണ്ടോ എന്നായിരുന്നു ഇയാളുടെ ചോദ്യം. ബില്ല് പഠിക്കാന്‍ നാല് ദിവസത്തെ സമയം എടുത്ത് തയ്യാറാകാമെന്നും ഇയാള്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് ഇയാളുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സ്വരഭാസ്‌ക്കര്‍ മറുപടി നല്‍കിയത്.

കാര്‍ഷിക ബില്ലിനെക്കുറിച്ച് എന്നെയല്ല ബോധ്യപ്പെടുത്തേണ്ടത്, പകരം പ്രതിഷേധിക്കുന്ന കര്‍ഷകരുടെ അടുത്ത് ചെല്ലണം എന്നായിരുന്നു സ്വരയുടെ മറുപടി. എന്തുകൊണ്ടാണ് കര്‍ഷകരുടെ അടുത്ത് നിങ്ങള്‍ സംവദിക്കാന്‍ പോകാത്തതെന്നും അവര്‍ ചോദിച്ചു.

‘ഈ കുഴപ്പങ്ങളൊക്കെ ഉണ്ടാക്കിയതില്‍ ഒന്നാമത് നില്‍ക്കുന്നത് ഈ വിഡ്ഡിത്തവും വീഴ്ചയുമാണ്. എന്തിനാണ് കാര്‍ഷിക ബില്ലുകളെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും ഞങ്ങളെ ബോധ്യപ്പെടുത്തുന്നത്. കൃഷിക്കാര്‍ക്ക് ഇത് ബോധ്യപ്പെടണം .. മനസ്സിലായോ? ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല! എന്തുകൊണ്ടാണ് നിങ്ങള്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാത്തത്? ” സ്വര ഭാസ്‌ക്കര്‍ പ്രതികരിച്ചു.

നേരത്തെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കങ്കണ റണൗത്തും ഗായകന്‍ ദില്‍ജിത്ത് ദൊസാന്‍ഝും തമ്മില്‍ വാക് പോര് നടന്നിരുന്നു.
ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവിനെ കങ്കണ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു തര്‍ക്കം.
100 രൂപയ്ക്ക് ഇവരെ സമരം നടത്താന്‍ ലഭിക്കുമെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഇതിനെതിരേ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ദില്‍ജിത്തും കങ്കണയ്ക്കെതിരെ രംഗത്ത് വന്നിരുന്നത്.

പിന്നീട് ദില്‍ജിത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ അടുത്ത് പിന്തുണ അറിയിച്ച് എത്തുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: