ന്യുദല്‍ഹി: എ.എം.എം.എയില്‍ നിന്നും രാജിവെച്ച് പുറത്തുപോയ നടിമാര്‍ക്ക് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. സിനിമയിലെ പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ മൗനം പാലിക്കുമ്പോള്‍ മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുളള കാഴ്ച്ച പ്രതീക്ഷ പകരുന്നതാണെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു.
തുറന്നു പറയുന്ന ഇരകളുടെ വാക്കുകള്‍ സ്വീകരിക്കാന്‍ സമൂഹം തയ്യാറായാല്‍ മാത്രമേ അവര്‍ക്ക് സുരക്ഷ തോന്നുകയുളളുവെന്നും അവര്‍ പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുകയാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും സ്വര പറഞ്ഞു. ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ സംവാദ പരിപാടിയായ അഡ്ഢയില്‍ സംസാരിക്കുകയായിരുന്നു നടി.
“മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ വളരെ സന്തോഷകരമായ കാര്യമാണ് നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്ക്ക് വേണ്ടി ഒരു കൂട്ടം നടിമാര്‍ നില കൊണ്ടു. ചിലര്‍ വളരെ നന്നായി ഇതിനെതിരെ സംസാരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് നടിമാര്‍ എ.എം.എം.എ എന്ന സിനിമാ സംഘടനയില്‍ നിന്നും രാജി വെച്ചു. വളരെ അത്ഭുതകരമായ പ്രവൃത്തിയാണ് അവരുടേത്. ബോളിവുഡിന് പുറത്ത് നോക്കിയാല്‍ ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്”, സ്വര ഭാസ്‌കര്‍ പറഞ്ഞു.
നേരത്തെ ദീലിപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് എ.എം.എം.എയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടിമാര്‍ക്ക് ദേശീയതലത്തില്‍ നിന്നും നിരവധിപേര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അക്കാദമിക്, മാധ്യമ രംഗത്തുള്ള 86 പേര്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിന് ഐക്യദാര്‍ഢ്യമറിയിച്ചുകൊണ്ട് പ്രസ്താവനയിറക്കിയിരുന്നു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള സംഘടനയുടെ തീരുമാനം ആക്രമണത്തെ അതിജീവിച്ചവളെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്നാണ് ഇവര്‍ പ്രസ്താവനയില്‍ അറിയിച്ചത്.