ന്യൂദല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി സ്വരാ ഭാസ്‌ക്കര്‍. ഒരു ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സ്വര നരേന്ദ്ര മോദിയുടെ പേരെടുത്ത് പറയാതെ വിമര്‍ശനം ഉയര്‍ത്തിയത്.
പ്രതിഷേധ സ്വരങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പറയാന്‍ ഖാലിസ്ഥാന്‍ മൂവ്‌മെന്റ് ആണ് സ്വര ഉദാഹരണമായി സ്വീകരിച്ചത്. ഖാലിസ്ഥാന്‍ മൂവ്‌മെന്റിന്റെ സമയത്ത് ബിന്ദ്രന്‍ വാലെയെ വിശുദ്ധന്‍ എന്ന് വിളിച്ചവര്‍ ഉണ്ടായിരുന്നു. അവരെ ജയിലിലടയ്ക്കാന്‍ സാധിക്കുമോ? സ്വര ചോദിച്ചു.
ഈ രാജ്യത്ത് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആഘോഷിച്ചവരുണ്ട്. അവരാണ് ഇപ്പോള്‍ അധികാരത്തില്‍. അവരെ ജയിലിലടയ്ക്കണമോ? സ്വര ചോദിച്ചു.
ഇത് ആദ്യമല്ല സ്വര കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നത്. ആഗസ്റ്റ് 29ന് ഇന്ത്യന്‍ ജയില്‍ എഴുത്തുകാര്‍ക്കും, മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുമുള്ളതാണെന്ന് സ്വര ട്വീറ്റ് ചെയ്തിരുന്നു.
പുനെ പൊലീസ് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്തതിലും, അറസ്റ്റ് ചെയ്തതിലും വ്യാപക പ്രതിഷേധമാണ് രാജ്യമാകെ ഉയരുന്നത്. വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവലാഖ, അരുണ്‍ ഫെരേരിയ, വെര്‍നോണ്‍ ഗോന്‍സാല്‍വസ് തുടങ്ങിയവരാണ് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടത്.