| Wednesday, 12th May 2021, 8:07 am

'ഇന്ത്യയിലെ വലതുപക്ഷം പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഏറ്റവും വലിയ തെറ്റാണ് നിങ്ങള്‍ ചെയ്യുന്നത് എന്നാണ്'; ഇസ്രാഈല്‍ ആക്രമണത്തില്‍ സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫലസ്തീനിലെ ഇസ്രാഈല്‍ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ വലതുപക്ഷം ഇസ്രാഈലിനെ പിന്തുണയ്ക്കുകയാണെന്നും സ്വര പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ പരാമര്‍ശം.

‘പ്രിയപ്പെട്ട ഇസ്രാഈല്‍, ഒരു കാര്യം ശ്രദ്ധിക്കുക. ഇന്ത്യയിലെ വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഏറ്റവും വലിയ തെറ്റ് ചെയ്യുന്നുവെന്നാണ്. ഗുരുതരമായ കുറ്റം,’ സ്വര ട്വിറ്ററിലെഴുതി.

കഴിഞ്ഞ ദിവസം ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിനെതിരെയും സ്വര രംഗത്തെത്തിയിരുന്നു. ഇസ്രാഈല്‍ ഒരു ഭീകര രാഷ്ട്രമാണെന്നായിരുന്നു സ്വരയുടെ വിമര്‍ശനം.

വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്‌സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തിച്ചേര്‍ന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ വെള്ളിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.

എന്നാല്‍ ശനിയാഴ്ച ലൈലത്തുല്‍ ഖദറിന്റെ ഭാഗമായി ഇവിടേക്ക് ആയിര കണക്കിന് ഫലസ്തീനികള്‍ വീണ്ടും എത്തിച്ചേര്‍ന്നു. തുടര്‍ന്ന് അവര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ ഫലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും സൗണ്ട് ബോംബുകളുമായെത്തിയായിരുന്നു സേന പ്രാര്‍ത്ഥനയുടെയും പ്രതിഷേധത്തിന്റെയും ഭാഗമായി എത്തിയവരെ ആക്രമിച്ചത്.

അല്‍ അഖ്‌സയിലെ ഇസ്രാഈല്‍ സേനയുടെ ആക്രമണത്തെ അപലിച്ച് ലോകാരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങളോട് ഇസ്രാഈല്‍ കുറച്ച് ആദരവു കാണിക്കണമെന്ന് യു.എന്‍ പൊതുസഭാ പ്രസിഡന്റ് വോള്‍കാന്‍ ബോസ്‌കിര്‍ പ്രതികരിച്ചു.

‘റമദാനിലെ അവസാന വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്സയില്‍ ഇസ്രാഈല്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ ദുഃഖിതനാണ്. അഖ്സ അടക്കം എല്ലാ ആരാധനാലയങ്ങളോടും ആദരവു കാണിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 180 കോടി മുസ്ലിങ്ങളുടെ വിശുദ്ധ ഇടമാണത്,’ ബോസ്‌കിര്‍ പറഞ്ഞു.

ആക്രമണത്തെ അപലപിച്ച് സൗദിയും തുര്‍ക്കിയും ഇറാനും രംഗത്തെത്തിയിരുന്നു. അമേരിക്കയും ആക്രമണത്തില്‍ ആശങ്ക അറിയിച്ചു. ‘രക്തച്ചൊരിച്ചിലുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നു. സംഘര്‍ഷം വര്‍ധിക്കാതിരിക്കാന്‍ ഇസ്രാഈലിനോടും ഫലസ്തീനോടും അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പ്രസ്താവനയില്‍ പറഞ്ഞത്.

ഇത്തരം നിഷ്ഠൂരമായ ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇസ്രാഈലിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ജോര്‍ദാനും അറിയിച്ചു. ‘പള്ളികള്‍ക്കെതിരെയും അവിടയെത്തുന്ന ആരാധകര്‍ക്കെതിരെയും ഇസ്രാഈല്‍ സൈന്യവും പൊലീസും നടത്തുന്ന ആക്രമണം നിഷ്ഠൂരമാണ്. ശക്തമായി അപലപിക്കുന്നു. ഇനിയും തുടര്‍ന്നാല്‍ ആഗോള തലത്തില്‍ ഇസ്രാഈലിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കും,’ ജോര്‍ദാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Swara Bhasker Again Slams Israel Attack

We use cookies to give you the best possible experience. Learn more