അച്ഛന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നടി സ്വര ഭാസ്‌കര്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അച്ഛനെ കുറിച്ചുള്ള കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് സ്വരയുടെ കുറിപ്പ്.
‘നിങ്ങള്‍ വിചിത്രനായ ഒരു മനുഷ്യന്‍ തന്നെയായിരുന്നു. ഉറപ്പായും വളരെ വ്യത്യസ്തനായ ഒരു അച്ഛനും. വാര്‍പ്പുമാതൃകകളെ പൊളിച്ചെറിഞ്ഞതുകൊണ്ടു മാത്രമല്ലായിരുന്നു ആ വ്യത്യസ്തത.
എല്ലാ ദിവസവും രാവിലത്തെ കുളിക്ക് ശേഷം തെലുങ്ക് സംസാരിക്കുന്ന നിങ്ങള്‍ പഞ്ചാബിയില്‍ ‘മേനു തേ മാഫ് കര്‍ ദേ റബ്ബാ’ (എന്നോട് പൊറുക്കണേ ദൈവമേ) എന്ന് പറയുമായിരുന്നു. ഇന്നേ ദിവസം വരെ നിങ്ങള്‍ ഈ രീതി തുടരുന്നു. എന്നാല്‍ ഇടക്കൊക്കെ ‘ഹേയ് അള്ളാ, മേരേ മാലിക്, രെഹം കരോ, (അള്ളാ, ഉടയവനേ കരുണ കാണിക്കണേ) എന്നും ഉച്ചത്തില്‍ പറയുന്നത് കേള്‍ക്കാമായിരുന്നു.
ഇതേ സമയത്ത് തെലുങ്കുവിലും സംസ്‌കൃതത്തിലും നമ്മുടെ കുറെ ദൈവങ്ങള്‍ക്കുള്ള മന്ത്രങ്ങളും ചൊല്ലുന്നത് കേള്‍ക്കാമായിരുന്നു. ഇതെല്ലാം കൂടി കുട്ടികളായ എന്നെയും അബുവിനെയും കണ്‍ഫ്യൂഷനാക്കിയിരുന്നു. കുറെ നാള്‍ കഴിഞ്ഞാണ് റബ്ബായും അള്ളാഹുവും വെങ്കടേശ്വരനും മൂന്ന് വ്യത്യസ്ത മതങ്ങളില്‍ പെട്ടവരാണെന്ന് തിരിച്ചറിഞ്ഞത് തന്നെ,’ സ്വര കുറിപ്പില്‍ പറയുന്നു.
മുംബൈയില്‍ തന്റെ സ്വപ്നങ്ങള്‍ക്കായി സ്ട്രഗിള്‍ ചെയ്യുന്ന സമയത്ത് അച്ഛന്‍ തനിക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും സ്വര പറഞ്ഞു. മറ്റ് കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് അച്ഛന്‍ തങ്ങളെ വളര്‍ത്തിയതെന്നും സ്വര പറഞ്ഞു. തൊണ്ണൂറുകളുടെ കാലത്താണ് ഇത്തരം റാഡിക്കല്‍ മനോഭാവത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ തന്റെ അച്ഛന്‍ ധൈര്യം കാട്ടിയതെന്നും സ്വര കൂട്ടിച്ചേര്‍ത്തു.