മുംബൈ: തന്റേതായ നിലപാടുകള്‍ എപ്പോഴും തുറന്നുപറയുന്ന ബോളിവുഡ് നടിമാരിലൊരാളാണ് സ്വര ഭാസ്‌കര്‍. സോഷ്യല്‍ മീഡിയകളിലൂടെ തന്റെ അഭിപ്രായം പറയാനും സ്വരയ്ക്ക് മടിയില്ല.
എന്നാല്‍ ബോളിവുഡില്‍ കാലുറപ്പിക്കുന്നതിന് തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സ്വര ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തുടക്കകാലത്ത് മുംബൈയില്‍ താമസിക്കാന്‍ ഒരിടം പോലും കിട്ടിയില്ലെന്ന് സ്വര പറയുന്നു. ഒരു വീട് ലഭിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടെന്നും അവസാനം തിരക്കഥാകൃത്ത് അര്‍ജുന്‍ രാജബാലിയുടെ ഓഫീസ് റൂമിലായിരുന്നു രാത്രികാലങ്ങള്‍ കഴിച്ചുകൂട്ടിയതെന്നും സ്വര പറഞ്ഞു.
ഏകദേശം ഒരു മാസക്കാലത്തോളം രാജബാലിയുടെ ഓഫീസ് റൂമില്‍ താനും സുഹൃത്തും കഴിച്ചുകൂട്ടിയെന്നും സ്വര പറയുന്നു. രാവിലെ 9 മണിയ്ക്ക് ഓഫീസ് ജീവനക്കാരെത്തും. അതിന് മുമ്പ് ഓഫീസില്‍ നിന്ന് ഇറങ്ങണം.
‘ഞാന്‍ പലവിധ ഓഡിഷനുകള്‍ക്കായി പോകും. സുഹൃത്ത് അവളുടെ ഓഫീസിലേക്കും പോകും. ഇതായിരുന്നു ഒരു മാസക്കാലത്തെ ദിനചര്യ’, സ്വര പറഞ്ഞു.
മുംബൈയില്‍ താമസിക്കാന്‍ ഒരു വീട് കിട്ടാനും നിരവധി കടമ്പകള്‍ കടക്കേണ്ടി വരുമെന്നും സ്വര പറയുന്നു. നഗരത്തിലെ റസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍ ഒന്നും തന്നെ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ തയ്യാറായിരുന്നില്ല.
നിങ്ങള്‍ക്ക് ആണ്‍കുട്ടികളുമായി സൗഹൃദമുണ്ടോ? വീട്ടില്‍ ആണ്‍സുഹൃത്തുക്കള്‍ വരാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് വീട് വാടകയ്ക്ക് നോക്കി ചെല്ലുമ്പോള്‍ ഉടമസ്ഥന്‍ ചോദിക്കുക. ഉത്തരം അതെ എന്നാണെങ്കില്‍ വീട് തരില്ല എന്നാകും അവരുടെ ഉത്തരം.
ഒടുവില്‍ വളരെ കഷ്ടപ്പെട്ടാണ് തനിക്കും സുഹൃത്തിനും നഗരത്തില്‍ വീട് ലഭിച്ചതെന്നും സ്വര പറഞ്ഞു. ഇതേ ചോദ്യം വീട്ടുടമസ്ഥന്‍ തങ്ങളോട് ചോദിച്ചെന്നും അപ്പോള്‍ തങ്ങളുടെ മൗലികവകാശങ്ങളെപ്പറ്റി അവരോട് തര്‍ക്കിക്കേണ്ടി വന്നെന്നും സ്വര പറഞ്ഞു. ഒടുവിലാണ് അവര്‍ തങ്ങള്‍ക്ക് താമസിക്കാന്‍ വീട് നല്‍കിയതെന്നും സ്വര പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക