ന്യൂദല്‍ഹി: പ്രജ്ഞ സിങ് ഠാക്കൂറിന്റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണത്തിലെ കുറ്റാരോപിതയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്കയക്കുന്നു എന്ന് താരം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ പുതിയ തുടക്കത്തില്‍ സന്തോഷിക്കുന്നു! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ ലോക് സഭയിലേക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെയാണ് പാക്കിസ്ഥാനെ കുറ്റപ്പെടുത്താനാവുക?, എന്നായിരുന്നു സ്വരയുടെ ഒരു ട്വീറ്റ്.
പാക്കിസ്ഥാനില്‍ ഭീകരവാദി ഹാഫിസ് സെയ്ദിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ഇറക്കുമ്പോള്‍ ആ ജനത അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇന്ത്യയാകട്ടെ, ഭീകരവാദികളെ വോട്ട് നല്‍കി വിജയിപ്പിച്ച് അഭിമാനപൂര്‍വം പാര്‍ലമെന്റിലേക്കയക്കുകയാണെന്നും സ്വര അഭിപ്രായപ്പെട്ടു.
പല സമയങ്ങളിലും നിലപാടുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും വേറിട്ട സ്വരമാകാറുള്ള താരമാണ് ഇവര്‍. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും ഉയര്‍ത്തിയ മുസ്‌ലീം-ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെയും സ്വര ഭാസ്‌കര്‍ പ്രതിഷേധം അറിയിച്ചിരുന്നു.
മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയായ പ്രജ്ഞ സിങ് ഠാക്കുറിനുള്ള നെഗറ്റീവ് പ്രതിച്ഛായ ബി.ജെ.പിക്ക് വെല്ലുവിളിയാവുമെന്ന് വിലയിരുത്തിയ മണ്ഡലമായിരുന്നു ഭോപ്പാല്‍. എന്നാല്‍, 3.5ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രജ്ഞ സിങ് ഠാക്കൂര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെ പരാജയപ്പെടുത്തിയത്. 2008 മാലേഗാവ് സ്ഫോടനത്തില്‍ ഒമ്പത് വര്‍ഷം തടവിലായിരുന്ന പ്രജ്ഞ സിങ് ഠാക്കൂര്‍ ഏപ്രിലിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. വിവാദങ്ങളിലൂടെയും വര്‍ഗ്ഗീയ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധയാണ് പ്രജ്ഞ സിങ്ങ് ഠാക്കൂര്‍. വര്‍ഷങ്ങളായി ബി.ജെ.പി ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ഭോപാല്‍. മുന്‍ ആര്‍.എസ്.എസ്. അംഗവും വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗം നേതാവുമാണ് ഇവര്‍.