ഗാന്ധിജി... നിങ്ങളുടെ കൊലയാളികള്‍ ജീവിച്ചിരിപ്പുണ്ടെന്നതില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു: സ്വര ഭാസ്‌ക്കര്‍
national news
ഗാന്ധിജി... നിങ്ങളുടെ കൊലയാളികള്‍ ജീവിച്ചിരിപ്പുണ്ടെന്നതില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു: സ്വര ഭാസ്‌ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th January 2023, 3:39 pm

ന്യൂദല്‍ഹി: ഗാന്ധി വധത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനത്തില്‍ രാഷ്ട്രപിതാവിനെ ഓര്‍ക്കുകയാണ് രാജ്യം. സാഹോദര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ഗാന്ധിജി കൊല ചെയ്യപ്പെട്ടപ്പോള്‍ മധുരം നല്‍കിയവരുടെ പിന്മുറക്കാര്‍ ഇന്ന് ഗാന്ധി ഘാതകനായ ഗോഡ്‌സെക്ക് അമ്പലം പണിയുകയാണെന്ന തരത്തിലുള്ള വിമര്‍ശനവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

ഗാന്ധിയെ കൊന്നത് ഗോഡ്‌സേയാണെന്നും, അദ്ദേഹത്തിന്റെ പിന്മുറക്കാരാണിന്ന് രാജ്യം ഭരിക്കുന്നതെന്ന തരത്തിലുള്ള വിമര്‍ശനവും ഉയരുന്നുണ്ട്. ഈ ചര്‍ച്ചക്കിടയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുക്കുകയാണ് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍.

‘ഗാന്ധിജി ഞങ്ങള്‍ ലജ്ജിക്കുന്നു. നിങ്ങളുടെ കൊലയാളികള്‍ ജീവിച്ചിരിപ്പുണ്ട്’ എന്നാണ് സ്വര ഭാസ്‌ക്കര്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, രാഷ്ട്രീയ- സാമൂഹിക മേഖലയിലെ നിരവധി പേരാണ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ അനുസമരണ കുറിപ്പുകള്‍ പങ്കുവെച്ചത്.

ഭൂരിപക്ഷ മതവര്‍ഗീയതയുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.

‘ഹിന്ദുരാഷ്ട്രവാദികള്‍ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി നിലകൊണ്ടത്. അദ്ദേഹം വിഭാവനം ചെയ്ത ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിന് കടകവിരുദ്ധമാണ്. നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നപ്പോള്‍ ഇന്ത്യയെന്ന ആശയത്തിനുതന്നെയാണ് മുറിവേല്‍ക്കപ്പെട്ടത്. ആധുനിക ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടുന്ന അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കാന്‍ ഗാന്ധിജി സ്വജീവന്‍ ബലി കൊടുക്കുകയായിരുന്നു,’ പിണറായി വിജയന്‍ പറഞ്ഞു.