| Saturday, 31st October 2020, 9:17 am

ഇതിലെന്താണ് ഇത്ര ആശ്ചര്യപ്പെടാന്‍; ഫ്രാന്‍സ് ഭീകരാക്രമണത്തെ വിമര്‍ശിച്ചതില്‍ അത്ഭുതപ്പെട്ടയാളോട് മറുപടിയുമായി സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഫ്രാന്‍സില്‍ പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ നടക്കുന്ന തുടരെയുള്ള ഭീകരാക്രമണത്തില്‍ പ്രതികരണവുമായി നടി സ്വര ഭാസകര്‍. ആക്രമണത്തെ അപലപിച്ച് കൊണ്ട് എഴുത്തുകാരിയായ സബ നഖ്‌വി ചെയ്ത ട്വീറ്റ് സ്വര ഭാസ്‌കര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ ആക്രമണത്തെ സ്വര ഭാസ്‌കര്‍ വിമര്‍ശിച്ചത് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചൂണ്ടിക്കാണിച്ചതിനും സ്വര ഭാസ്‌കര്‍ മറുപടി നല്‍കി. ലിബറലുകളായ നിരവധി പ്രമുഖര്‍ ഫ്രാന്‍സിലെ ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് രംഗത്തു വന്നിട്ടുണ്ടെന്നും ആക്രമത്തെ ന്യായീകരിച്ചില്ലെന്നുമാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്. ഉദാഹരണമായി സ്വര ഭാസ്‌കര്‍, രോഹിണി സിംഗ് തുടങ്ങിയവരുടെ പേരുകള്‍ ട്വീറ്റില്‍ പരാമര്‍ശിക്കുകയും ചെയ്തു.

ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് സ്വരയുടെ പ്രതികരണം. ഇതില്‍ ആശ്ചര്യപ്പെടാനെന്താണുള്ളതെന്നാണ് കുറച്ച് സ്‌മൈലികളോടെ സ്വര ചോദിച്ചിരിക്കുന്നത്.

നേരത്തെ ഇന്ത്യയില്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുന്ന ലിബറലുകള്‍ ഫ്രാന്‍സിലെ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് സ്വരയുടെ പ്രതികരണം.

ഫ്രാന്‍സില്‍ പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ വ്യാഴാഴ്ചയും ഭീകരാക്രമണം നടന്നിരുന്നു.

നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ആക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 60 കാരിയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 55 കാരനായ ചര്‍ച്ചിലെ ജീവനക്കാരന്റെ തൊണ്ട മുറിക്കപ്പെട്ട നിലയിലാണ് മരിച്ചു കിടന്നത്. 44 കാരിയായ ഒരു സ്ത്രീ കുത്തേറ്റ നിലയില്‍ ചര്‍ച്ചില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് മരിച്ചു.
ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഫ്രാന്‍സില്‍ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

ഒക്ടോബര്‍ 17 നാണ് സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സുകാരനായ പ്രതി പൊലീസ് വെടിവെപ്പില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Swara Bhaskar on france attack

We use cookies to give you the best possible experience. Learn more