ന്യൂദല്‍ഹി: കനയ്യ കുമാര്‍ വിജയിച്ചാല്‍ അതു ജനാധിപത്യത്തിന്റെ വിജയമായിരിക്കുമെന്നു നടി സ്വര ഭാസ്‌കര്‍. തന്റെ ജന്മദിനമായ ചൊവ്വാഴ്ച ബെഗുസാരായിയിലെത്തി സി.പി.ഐ സ്ഥാനാര്‍ഥിയായ കനയ്യക്കുവേണ്ടി സ്വര പ്രചാരണം നടത്തുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ബോളിവുഡിലെ നിശിത വിമര്‍ശകയാണു സ്വര.
ജവഹര്‍ലാല്‍ നെഹ്‌റു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവു കൂടിയാണു കനയ്യ. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ഥിയാണു സ്വര.
‘കനയ്യ എന്റെ സുഹൃത്താണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി കനയ്യ നടത്തുന്നതു വളരെ പ്രധാനപ്പെട്ട ഒരു പോരാട്ടമാണ്. ഞാനിതുവരെ ഒരു രാഷ്ട്രീയപ്രചാരണത്തിന്റെയും ഭാഗമായിട്ടില്ല. അതുകൊണ്ട് എനിക്കറിയില്ല എന്താണു പ്രതീക്ഷിക്കേണ്ടതെന്ന്. സാധാരണ ഇത്തരത്തിലാരും ജന്മദിനം ആഘോഷിക്കാറില്ല.
എല്ലാ ഇന്ത്യക്കാര്‍ക്കും ആശങ്കയുള്ള വിഷയങ്ങളാണു കനയ്യ ഉയര്‍ത്തുന്നത്. പ്രശ്‌നങ്ങളെന്നു പറഞ്ഞാല്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും ഭീഷണിയായവ, തൊഴിലില്ലായ്മ, ആള്‍ക്കൂട്ട അതിക്രമങ്ങളുടെ വര്‍ധന, സാമൂഹികനീതിയുടെ ആവശ്യകത, പിന്നെ എല്ലാ ഇന്ത്യക്കാരുടെയും ജീവിതങ്ങള്‍ മെച്ചപ്പെടുത്താനാവശ്യമായ വിഷയങ്ങളില്‍ ശ്രദ്ധ നല്‍കുക. ഉത്തരവാദിത്വപ്പെട്ട ദേശസ്‌നേഹികളായ ഇന്ത്യക്കാര്‍ ഈ ആശയവുമായി, ചിന്തയുമായി ബന്ധപ്പെട്ടു നില്‍ക്കണം.’ – വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോടു സ്വര പറഞ്ഞു.
കഴിഞ്ഞമാസം കനയ്യ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിനു പിന്തുണയുമായി സ്വര രംഗത്തെത്തിയിരുന്നു.