ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. മീ ടൂവിന് പിന്തുണ പ്രഖ്യാപിച്ചതാണ് രാഹുല്‍ ഗാന്ധിയെ സ്വര പ്രശംസിക്കാന്‍ കാരണം. “ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാകുമ്പോള്‍ മറ്റ് നേതാക്കളെല്ലാം മൗനം പാലിക്കുകയായിരുന്നു. രാഹുല്‍ മാത്രമാണ് മീ ടൂവിന് പിന്തുണ പ്രഖ്യാപിച്ചത്”.
മറ്റുള്ള നേതാക്കള്‍ രാഹുലിനെ പിന്തുടരണമെന്നും സ്വര ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. “സ്ത്രീകളെ അന്തസോടെയും അതിലുപരി ബഹുമാനത്തോടെയും സമീപിക്കേണ്ടതിനെ കുറിച്ച് ഏവരും പഠിക്കേണ്ടിയിരിക്കുന്നു. സത്യം വിളിച്ചുപറയാനായി സ്ത്രീകള്‍ മുന്നോട്ടുവരുന്നതില്‍ ഏറെ സന്തോഷമുണ്ട്- ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
അതേസമയം, “മീ ടൂ” വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുന്നതിനായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി പ്രത്യേക സമിതിയെ നിയമിച്ചു. നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുക. മീ ടൂ ക്യാംപെയ്നില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടേയും ചൂഷണങ്ങളുടേയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ക്കെതിരെ തുറന്നുപറച്ചിലുകളുമായി നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു.