| Monday, 18th November 2019, 9:45 pm

'ആകെ നടന്ന അക്രമം ദല്‍ഹി പൊലീസിന്റെ ലാത്തിച്ചാര്‍ജാണ്'; ജെ.എന്‍.യു സമരത്തെ പിന്തുണച്ച് സ്വര ഭാസ്‌കറും കനയ്യ കുമാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫീസ് വര്‍ധനയ്‌ക്കെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിച്ച ജെ.എന്‍.യു വിദ്യാര്‍ഥികളെ പിന്തുണച്ച് നടി സ്വര ഭാസ്‌കറും എ.ഐ.എസ്.എഫ് നേതാവ് കനയ്യ കുമാറും. ദല്‍ഹിയില്‍ നടന്ന മാര്‍ച്ചില്‍ ആകെ നടന്ന ആക്രമണം ദല്‍ഹി പൊലീസിന്റെ ലാത്തിച്ചാര്‍ജ് മാത്രമാണെന്ന് സ്വര ആരോപിച്ചു.

ഇന്ത്യാ ടുഡേ ടി.വിയുടെ ചര്‍ച്ചയ്ക്കിടെയായിരുന്നു ഇരുവരും നിലപാട് വ്യക്തമാക്കിയത്. ‘അന്യന്റെ ചിലവില്‍ ജീവിക്കുന്ന ആരും ജെ.എന്‍.യു കാമ്പസിലില്ല. വിദ്യാഭ്യാസത്തിന് ഫണ്ട് വേണം.’- സ്വര പറഞ്ഞു.

എന്തിനാണ് എം.പിമാരുടെ ഭക്ഷണത്തിനു വില കുറച്ചത് എന്നായിരുന്നു ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കൂടിയായ കനയ്യയുടെ ചോദ്യം. സര്‍വകലാശാലയ്ക്ക് ഫണ്ട് നല്‍കുന്നത് ഒരിക്കലും നികുതിദായകരുടെ പണം പാഴാക്കിക്കളയലാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ലമെന്റിലേക്കു നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് അഴിച്ചുവിട്ടിരുന്നു. ഇതില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കാണു പരിക്കേറ്റത്. മാര്‍ച്ചിനു മുന്നോടിയായി കാമ്പസിനു പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്. 1200-ഓളം പൊലീസുകാരെയാണു വിന്യസിച്ചിരുന്നു.

ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ നിലവിലെ ഫീസ് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ നിന്നു പിന്മാറില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ഹോസ്റ്റല്‍ ഫീസില്‍ മുപ്പതിരട്ടിയുടെ വര്‍ധനവമാണുണ്ടായിരുന്നത്.

മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500-ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റയ്ക്കുള്ള റൂമിന് 20-ല്‍ നിന്നും 600 ആയും രണ്ടില്‍ക്കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്.

ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ അധികൃതര്‍ ഫീസ് വെട്ടിക്കുറച്ച് രണ്ട് പേര്‍ താമസിക്കുന്ന റൂമിന് 100 രൂപയും ഒരാള്‍ താമസിക്കുന്ന റൂമിന് 200 രൂപയും ആക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷേ, ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കണം എന്ന തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more