| Thursday, 26th December 2019, 8:24 pm

'ജനങ്ങളോട് പ്രതികാരം ചെയ്യാനുള്ള അധികാരം ആരും നല്‍കിയിട്ടില്ല' യോഗി ആദിത്യനാഥിനെതിരെ സ്വര ഭാസ്‌കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.പിയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍.

ഉത്തര്‍പ്രദേശില്‍ ആക്രമണം നടക്കുന്നുണ്ടെങ്കില്‍ അതിനെ നിയമം ഉപയോഗിച്ച് നേരിടുകയാണ് വേണ്ടതെന്നും ജനങ്ങളോട് പ്രതികാരം ചെയ്യാന്‍ യോഗി ആദിത്യനാഥിന് ഭരണഘടനയോ രാജ്യത്തെ നിയമ സംവിധാനമോ അനുമതി നല്‍കിയിട്ടില്ലെന്ന് സ്വര ഭാസ്‌കര്‍ പറഞ്ഞു.

സീഷാന്‍, യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, എന്നീ ബോളിവുഡ് താരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് സ്വര ഭാസ്‌കറിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.പിയിലെ പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ കാണിച്ചു.

‘സമാധാനപരമായി സമരം ചെയ്യാനുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ച് പൊലീസും സര്‍ക്കാരുമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.
യു.പിയില്‍ ഇതുവരെ നടന്ന എല്ലാ ആക്രമണങ്ങളെക്കുറിച്ചും സുപ്രീംകോടതി അന്വേഷണം നടത്തണം. പൊലീസുകാര്‍ ഗുണ്ടകളെയും കലാപകാരികളെയും പോലെ പെരുമാറിയെന്ന് വ്യക്തമാക്കുന്ന വീഡിയോകള്‍ പുറത്തു വന്ന നിലയ്ക്ക് നിഷ്പക്ഷമായ അന്വേഷണം ആണ് നടത്തേണ്ടത്. നിലവിലെ യു.പി സര്‍ക്കാരിനെ നയിക്കുന്നത് വര്‍ഗീയ വികാരമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അവര്‍ നടത്തുന്ന ഒരന്വേഷണത്തിലും വിശ്വാസമില്ല’, സ്വര ഭാസ്‌കര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്കു നേരെ പൊലീസ് പ്രതികാരനടപടികള്‍ സ്വീകരിക്കുന്നെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഒരു വൃദ്ധ വ്യാപാരിയുടെ വീട്ടില്‍ മുപ്പതോളം പൊലീസുകാര്‍ കടന്നു കയറി മര്‍ദ്ദിച്ച വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു.

വീണ്ടും പ്രതിഷേധം ഉണ്ടാകാനിടയുള്ള സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലെ വിവിധ നഗരങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more