| Monday, 2nd December 2013, 10:50 am

സിവില്‍ സര്‍വീസില്‍ മൂന്നാംലിംഗത്തിന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ സ്വപ്ന

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: സിവില്‍ സര്‍വീസ് മേഖലയില്‍ മൂന്നാംലിംഗത്തിന്റെ കയ്യൊപ്പ് ചാര്‍ത്താന്‍ ഒരുങ്ങുകയാണ് മധുര സ്വദേശി സ്വപ്‌ന. ഇതാദ്യമായാണ് ഒരുട്രാന്‍സ്‌ജെന്‍ഡര്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നത്.

ഉന്നത വിദ്യാഭ്യാസവും ജോലിയും സമൂഹത്തിലെ അംഗീകാരവുമെല്ലാം മൂന്നാംലിംഗക്കാരുടേയും അവകാശമാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സ്വപ്ന.

ബി.സി.എ ബിരുദധാരിയാണ് സ്വപ്‌ന. പരീക്ഷക്ക് ഹാള്‍ടിക്കറ്റ് ലഭിച്ചുവെങ്കിലും ഇനിയും എന്തെങ്കിലും നിയമ തടസങ്ങള്‍ ഉണ്ടാവുമോയെന്ന ഭയത്തിലാണ് ഇപ്പോള്‍ സ്വപ്ന.

സ്വപ്‌നയുടെ മാത്രം നേട്ടമായല്ല, മൂന്നാംലിംഗക്കാരാണെന്നതിനാല്‍ അവഗണന നേരിടുന്ന എല്ലാവരുടേയും നേട്ടമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ 10 വര്‍ഷമായി തങ്ങള്‍ നടത്തുന്ന നീണ്ട പോരാട്ടങ്ങളുടെ ഫലമായാണ് ഇത്തരത്തിലൊരു അവസരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന് ഫിസിയോ തെറാപിസ്റ്റായ ശെല്‍വി പറയുന്നു.

മൂന്നാംലിംഗക്കാരായി എന്ന കാരണം കൊണ്ട് മാത്രം വിദ്യഭ്യാസ കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്ന് ശെല്‍വിയും കമ്പ്യൂട്ടര്‍ വിദഗ്ധയുമായ ബാനുവും പറയുന്നു.

ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുന്നതോടെ ജോലി നേടാനും കയ്യിലുള്ള ജോലി നിലനിര്‍ത്താനും ഏറെ കഷ്ടപ്പെടുന്നവരാണ് ഇവരിലേറെ പേരും.

സര്‍ക്കാരിന്റെ അംഗീകാരവും സംവരണവും മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്നാണ് ഇവര്‍ കരുതുന്നത്.

പൊതുധാരണ ശരിവെക്കും വിധത്തില്‍ തങ്ങള്‍ ഭിക്ഷക്കാരോ വേശ്യകളോ ആവുമെന്ന് മാതാപിതാക്കളും കരുതുന്നുവെന്നും, എല്ലാവരേയും പോലെ പഠിക്കാനും ജോലി ചെയ്യാനും ഒക്കെ കഴിയുന്നവരാണ് തങ്ങള്‍ എന്ന തിരിച്ചറിവുണ്ടായിട്ടും അവര്‍ പലപ്പോഴും തങ്ങളെ കയ്യൊഴിയുന്നുവെന്നും ബാനു പറയുന്നു.

സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ ഇന്ന് നേരിടുന്ന കടുത്ത അവഗണനയിലും സ്വപ്‌ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതോടെ തങ്ങളുടെ പോരാട്ടം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നതിന്റെ ആവേശത്തിലാണ് ഇവര്‍.

We use cookies to give you the best possible experience. Learn more