സ്വര്‍ണ്ണക്കടത്ത് പിടിച്ച ശേഷം ഒരു സംഘപരിവാര്‍ അനുകൂല ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചെന്ന് സ്വപ്‌ന; മാധ്യമപ്രവര്‍ത്തകനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും
കൊച്ചി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പിടിച്ച ശേഷം തന്നെ തിരുവനന്തപുരത്തുള്ള ഒരു സംഘപരിവാര്‍ അനുകൂല ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചെന്ന് സ്വപ്‌ന സുരേഷ്. യു.എ.ഇ ഉദ്യോഗസ്ഥന്‍ കസ്റ്റംസിന് മൊഴിനല്‍കുമ്പോള്‍ പിടിച്ചത് നയതന്ത്ര പാഴ്‌സലല്ലെന്നും വ്യക്തിപരമായ ബാഗേജാണെന്നും പറഞ്ഞാല്‍ മതിയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞതായും സ്വപ്‌ന പറഞ്ഞു.
കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്ത ജൂലൈ അഞ്ചിന് ശേഷം ഉച്ചയ്ക്ക് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ സ്വപ്നയെ വിളിച്ചത്. കസ്റ്റംസ് മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്‌തേക്കുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
2018ല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വഴി യു.എ.ഇയുമായി നല്ല ബന്ധമുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നു സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.
നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരത്തെ സംഘപരിവാര്‍ അനുകൂല ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സ്വപ്നയെ വിളിച്ചെന്ന് കണ്ടെത്തുകയും ഇത് അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.
സ്വപ്നയെ വിളിച്ചത് കോണ്‍സുലര്‍ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയാണെന്ന ധാരണയിലാണ് വിളിച്ചതെന്നും യു.എ.ഇ കോണ്‍സുലര്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വപ്ന സുരേഷ് സര്‍ക്കാര്‍ വകുപ്പിലേക്ക് മാറിയ കാര്യം തനിക്കറിയില്ലായിരുന്നെന്നുമാണ് മാധ്യമപ്രവര്‍ത്തകന്‍ അന്ന് നല്‍കിയ വിശദീകരണം.
സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ സ്വപ്‌ന സുരേഷ് കുടുംബത്തോടൊപ്പം കൊച്ചിയിലെത്തിയിരുന്നെന്നും വര്‍ക്കലയില്‍ വെച്ചാണ് സന്ദീപ് ഒപ്പം ചേര്‍ന്നതെന്നും സ്വപ്ന മൊഴി നല്‍കി.
കൊച്ചിയിലും പരിസര പ്രദേശത്തും തങ്ങിയ ശേഷമാണ് ബംഗളൂരുവിലേക്ക് പോയത്. യു.എ.ഇ കോണ്‍സുലര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചതാണ്. അദ്ദേഹത്തിന് സ്ഥലം മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പുതിയ ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടാമെന്ന് പറഞ്ഞിരുന്നതായും സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക