| Saturday, 25th July 2020, 9:58 am

'ഒരു കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷെയ്ക്ക് ആയിരം ഡോളര്‍ പ്രതിഫലം നല്‍കി'; യു.എ.ഇ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്ക് പങ്കെന്ന് സ്വപ്‌നയുടെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് നടത്തിയത് യു.എ.ഇ അറ്റാഷെയുടെ അറിവോടെയെന്ന് പ്രതി സ്വപ്‌നയുടെ മൊഴി. സ്വര്‍ണക്കടത്ത് നടത്താന്‍ അറ്റാഷെയ്ക്ക് പണം നല്‍കിയെന്നും സ്വപ്‌ന പറഞ്ഞു.

ഒരു കിലോ സ്വര്‍ണം കടത്താന്‍ ആയിരം ഡോളറാണ് പ്രതിഫലമായി നല്‍കിയതെന്നാണ് സ്വപ്‌നയുടെ മൊഴി. വിഹിതം നല്‍കുന്ന കാര്യം സരിത്തും സന്ദീപും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. അറ്റാഷെയ്ക്ക് പണം നല്‍കിയെന്ന് റമീസും മൊഴി നല്‍കി.

യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് സ്വപ്‌നയുടെ മൊഴി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ല. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെയാണ് കടത്ത് തുടങ്ങിയത്. കൊവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് അറ്റാഷെയെ കടത്തില്‍ പങ്കാളിയാക്കി.

2019 ജൂലൈ മുതല്‍ ജൂണ്‍ 30 വരെ 18 തവണ സ്വര്‍ണം കടത്തിയതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം. ശിവശങ്കര്‍ എന്‍.ഐ.എയോടും ആവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ശിവശങ്കറിന്റെ മൊഴി.

ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നേരിട്ടെത്തി എന്‍.ഐ.എ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. സ്വപ്നയും സന്ദീപും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വീണ്ടും എം.ശിവശങ്കറിനെ ചോദ്യം ചെയ്യുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more