കൊച്ചി: സ്വര്‍ണ്ണക്കടത്ത് നടത്തിയത് യു.എ.ഇ അറ്റാഷെയുടെ അറിവോടെയെന്ന് പ്രതി സ്വപ്‌നയുടെ മൊഴി. സ്വര്‍ണക്കടത്ത് നടത്താന്‍ അറ്റാഷെയ്ക്ക് പണം നല്‍കിയെന്നും സ്വപ്‌ന പറഞ്ഞു.
ഒരു കിലോ സ്വര്‍ണം കടത്താന്‍ ആയിരം ഡോളറാണ് പ്രതിഫലമായി നല്‍കിയതെന്നാണ് സ്വപ്‌നയുടെ മൊഴി. വിഹിതം നല്‍കുന്ന കാര്യം സരിത്തും സന്ദീപും കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. അറ്റാഷെയ്ക്ക് പണം നല്‍കിയെന്ന് റമീസും മൊഴി നല്‍കി.
യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് സ്വപ്‌നയുടെ മൊഴി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്‌ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ല. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെയാണ് കടത്ത് തുടങ്ങിയത്. കൊവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് അറ്റാഷെയെ കടത്തില്‍ പങ്കാളിയാക്കി.