തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ആവശ്യമായ സുരക്ഷ നല്‍കണമെന്ന് കോടതി. നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടതി നടപടി.
സ്വപ്‌നയുടെ കസ്റ്റഡി കാലാവധി അവസാനച്ചിട്ടുണ്ട്. ഈ മാസം 22 വരെ സ്വപ്നയെ റിമാന്‍ഡ് ചെയ്തു.
തന്നെ ചിലര്‍ ജയിലില്‍ വന്ന് കണ്ടിരുന്നെന്നും പൊലീസുകാരാണോ അവര്‍ എന്ന് സംശയമുണ്ടെന്നും സ്വപ്ന പറഞ്ഞിരുന്നു.
ഒരു കാരണവശാലും സ്വര്‍ണക്കടത്ത് കേസിലെ ഉന്നതരുടെ പേര് അന്വേഷണ ഏജന്‍സികളോട് പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളുമായി ഒരു തരത്തിലും സഹകരിക്കരുതെന്ന് അവര്‍ തന്നോട് പറഞ്ഞെന്നും സ്വപ്ന കോടതിയെ അറിയിച്ചിരുന്നു.
ജയിലില്‍ തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും തന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സ്വപ്ന കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു.
പുതിയ അഭിഭാഷകനാണ് സ്വപ്നയ്ക്ക് വേണ്ടി ഇക്കാര്യം കോടതിയെ അറിയിച്ചത്. കോടതിയോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സ്വപ്ന നേരത്തെ തന്നെ പറഞ്ഞിരുന്നു. തുടര്‍ന്ന് അഭിഭാഷകനുമായി സംസാരിച്ച് കാര്യം എഴുതി നല്‍കണമെന്ന് കോടതി പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്വപ്ന ഇക്കാര്യം അഭിഭാഷകന്‍ മുഖേന എഴുതി നല്‍കിയത്.
കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്നു ഇത്രയും ദിവസം സ്വപ്ന. സ്വപ്നയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലും രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നയുടെയും സരിത്തിന്റേയും രഹസ്യമൊഴി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നേരത്തെ മൊഴി പുറത്തുവന്നാല്‍ സ്വപ്നയുടേയും സരത്തിന്റേയും ജീവന് ഭീഷണിയാകുമെന്ന് കോടതി തന്നെ പറഞ്ഞിരുന്നു.
നയതന്ത്രപാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്നായിരുന്നു രഹസ്യ മൊഴി കണ്ടതിന് പിന്നാലെ കോടതി പറഞ്ഞത്.
കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ് സരിത്തിന്റെയും മൊഴികള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞിരുന്നു.
പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പറഞ്ഞു.
കുറ്റകൃത്യത്തില്‍ പ്രതികള്‍ വെളിപ്പെടുത്തിയവരുടെ യഥാര്‍ഥ പങ്കാളിത്തവും അതിനുള്ള ശക്തമായ തെളിവും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ നവംബര്‍ 27 മുതല്‍ 29 വരെ സ്വപ്നയും സരിത്തും നല്‍കിയ മൂന്ന് നിര്‍ണായക മൊഴികളാണ് കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതു പരിശോധിച്ച ശേഷമാണ് കോടതിയുടെ നിരീക്ഷണം.
മുന്‍പ് പറയാതിരുന്ന പല കാര്യങ്ങളും സ്വപ്ന വെളിപ്പെടുത്തുന്നു എന്ന് അന്വേഷണ ഏജന്‍സികളും ഇതിനിടെ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക