| Friday, 30th October 2020, 10:37 am

സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് നല്‍കിയ ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് ശിവശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കിയ അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി ശിവശങ്കറെന്ന് റിപ്പോര്‍ട്ട്.

നേരത്തെ ചോദ്യം ചെയ്യലിനിടെ ശിവശങ്കര്‍ ഇ.ഡിക്ക് തന്റെ രണ്ട് ഫോണുകള്‍ കൈമാറിയിരുന്നു. ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഇതില്‍ ഒരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പറും സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണിന്റെ ഐ.എം.ഇ നമ്പറും ഒന്നാണെന്ന് കണ്ടെത്തിയത്. 94,999 രൂപയാണ് ഫോണിന്റെ വില. ശിവശങ്കറിന് ഇത് സ്വപ്‌ന നല്‍കിയതാവാം എന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

അതേസമയം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കോടതി നിര്‍ദ്ദേശ പ്രകാരം വൈകീട്ട് ആറു മണി വരെ മാത്രമാണ് നിലവില്‍ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ എട്ടാം തീയതി പ്രതിയുടെ പക്കല്‍ നിന്ന് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ലൈഫ് മിഷന്‍ കരാറിനായി നാല് കോടി 48 ലക്ഷം രൂപ കമ്മീഷനായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. ഇത് കൂടാതെ ആറ് ഐഫോണുകളും വാങ്ങി നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു.

യു.എ.ഇ കോണ്‍സുലേറ്റിനായാണ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയതെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരു ഫോണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്‍ തുടക്കത്തില്‍ പറഞ്ഞത്.

എന്നാല്‍ സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു വക്കീല്‍ നോട്ടീസ്. ഇതിന് പിന്നാലെ ഫോണ്‍ ചെന്നിത്തലയ്ക്ക് നല്‍കിയോ എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ് സന്തോഷ് ഈപ്പന്‍ രംഗത്തെത്തിയിരുന്നു.

യു.എ.ഇ. ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്ന വഴി ഐ ഫോണ്‍ സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണത്തിനെതിരേ സന്തോഷ് ഈപ്പന്‍ ഹൈക്കോടതയില്‍ നല്‍കിയ ഹരജിയിലാണ് ഐ ഫോണ്‍ നല്‍കിയ കാര്യം വ്യക്തമാക്കിയത്.

അതേസമയം ഫോണ്‍ പ്രതിപക്ഷ നേതാവിന് കൊടുത്തു എന്ന് പറഞ്ഞ സന്തോഷ് ഈപ്പന്‍ എന്തുകൊണ്ട് ശിവശങ്കറിന്റെ പേര് മറച്ചുവെച്ചുവെന്നതും ഇ.ഡി അന്വേഷിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Swapna Suresh Santhodh Eapen I Phone Issue

We use cookies to give you the best possible experience. Learn more