| Tuesday, 9th March 2021, 2:52 pm

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തായ സംഭവം; നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്ന് കസ്റ്റംസ് കമ്മീഷണറോട് അഡ്വക്കേറ്റ് ജനറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി സി.പി.ഐ.എം. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് നോട്ടീസയച്ചു. കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സി.പി.ഐ.എം നേതാവ് നല്‍കിയ പരാതിയിലാണ് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസയച്ചത്.

സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ ജേക്കബാണ് നിയമനടപടിക്ക് മുന്നോടിയായി അഡ്വക്കേറ്റ് ജനറലിന്റെ അനുമതി തേടിയത്. കോടതിയലക്ഷ്യ കേസുമായി മുന്നോട്ടുപോകാനാണ് നോട്ടീസ് നല്‍കിയത്. അഡ്വക്കറ്റ് ജനറലിന്റെ അനുമതി നല്‍കിയാല്‍ മാത്രമേ നിയമനടപടിയുമായി മുന്നോട്ടുപോകാനാകൂ. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ കസ്റ്റംസ് കമ്മീഷണര്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

164 പ്രകാരം കൊടുത്ത മൊഴി രഹസ്യമൊഴിയാണെന്നും ഇത് പുറത്തുപോകുന്നത് കോടതിയലക്ഷ്യമാണെന്നുമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നോട്ടീസ് ചൂണ്ടിക്കാണിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഈ മൊഴി പുറത്തുപോയതെന്ന് വ്യക്തമാക്കാനും കോടതിയലക്ഷ്യം സ്വീകരിക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കണമെന്നുമാണ് നോട്ടീസില്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷണര്‍ മറുപടി നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കും.

യു.എ.ഇ കോണ്‍സുലേറ്റ് വഴി നടന്ന നിയമവിരുദ്ധമായ ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

സ്വര്‍ണക്കടത്ത്/ഡോളര്‍ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലെ വിവരങ്ങളാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്നതിനെതിരെയാണ് ഇപ്പോള്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ പ്രതിയായ സ്വപ്ന സുരേഷിനെ ഇ.ഡി നിര്‍ബന്ധിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് മൊഴി നല്‍കിയത്.

ശബ്ദരേഖ ചോര്‍ന്നത് അന്വേഷിച്ച സംഘത്തിനാണ് മൊഴി നല്‍കിയത്. ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് മൊഴിയില്‍ പറയുന്നു. സ്വപ്നയെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ടെന്നും സിജി പറയുന്നു.

‘ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നതും കേട്ടു. ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഇടക്കിടക്ക് ഫോണില്‍ സംസാരിക്കും,’ മൊഴിയില്‍ പറയുന്നു.

നേരത്തെ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്നതരത്തില്‍ സ്വപ്നയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Swapna Suresh’s secret statement came out, Advocate General sends notice to Customs Commissioner

Latest Stories

We use cookies to give you the best possible experience. Learn more