തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. ആര്‍. കൃഷ്ണരാജിനെ മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
സ്വപ്നയുടെ അഭിഭാഷകനെ അറസ്റ്റ് ചെയ്താല്‍ ആയിരം അഭിഭാഷകര്‍ വേറെ ഉണ്ടാകുമെന്നും അറസ്റ്റ് ചെയ്താല്‍ സ്വപ്ന അനാഥയായി പോകുമെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി എത്രയും വേഗം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകാന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ എല്ലാം തുറന്നുപറയാന്‍ തയ്യാറാകണം. എത്രകാലം ജനങ്ങളെ ഭയന്ന് പോകാന്‍ കഴിയുമെന്ന കാര്യം മുഖ്യമന്ത്രി ആലോചിക്കണം.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ജനങ്ങളെ ഭയന്ന് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ മുഖ്യ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് ബി.ജെ.പിയാണ്. ആ ആരോപണം സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേക്ക് കടത്തിയ സ്വര്‍ണത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിക്ക് കിട്ടിയിട്ടുണ്ടെന്നാണ് സ്വപ്നയുടെ 164 മൊഴിയിലുള്ളത്. സ്വര്‍ണത്തിന്റെ ഒരു ഭാഗം ശിവശങ്കറിന് കിട്ടുന്നു, സ്വപ്നയ്ക്ക് കിട്ടുന്നു, സരിത്തിന് കിട്ടുന്നു. അതേപോലെ ഒരു ഭാഗം മുഖ്യമന്ത്രിക്കും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം നമ്പര്‍ ഭീരു ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങള്‍ക്ക് മാത്രമല്ല, പൊലീസിനും, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഭീരുവിനായി ഒരുക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlights: Swapna Suresh’s lawyer Adv.R.Krishnaraj to the arrest of on charges of blasphemy reacts Surendran