Kerala News
ഗോവിന്ദന്‍ ആരെന്ന് പോലും അറിയില്ല, ഞാന്‍ വെളിപ്പെടുത്തിയത് പറഞ്ഞുകേട്ട കാര്യം; മാപ്പ് പറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം: സ്വപ്‌ന സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 16, 06:49 am
Thursday, 16th March 2023, 12:19 pm

ബെംഗളൂരു: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തനിക്കതിരെ അയച്ച വക്കീല്‍ നോട്ടീസില്‍ പ്രതികരണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എം.വി. ഗോവിന്ദന്‍ ആരാണെന്ന് പോലും തനിക്ക് അറിയില്ലെന്നും പറഞ്ഞുകേട്ട കാര്യങ്ങള്‍ മാത്രമാണ് താന്‍ വെളിപ്പെടുത്തിയിട്ടുള്ളതെന്നും സ്വപ്‌ന ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടയില്‍, വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കര്‍ണാടക പൊലീസ് സ്വപ്ന സുരേഷിന്റെ മൊഴിയെടുത്തു. ഇതിന് ശേഷമാണ് അവര്‍ മാധ്യമങ്ങളെ കണ്ടത്. കേസുമായി ബന്ധപ്പെട്ട് പൊലീസിന് വിശദമായ മൊഴി നല്‍കിയെന്നും വിശദാംശങ്ങള്‍ പുറത്ത് പറയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഡിഫമേഷന്‍ കേസുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദനോട് മാപ്പ് പറയില്ലെന്നും അങ്ങനെ ചെയ്യണമെങ്കില്‍ താന്‍ വീണ്ടും ജനിക്കേണ്ടിവരുമെന്നും സ്വപ്ന പറഞ്ഞു.

‘കേരളത്തില്‍ എന്തൊക്കെയാണ് നടക്കുന്നത്. ഇവര്‍ക്ക് എന്തൊക്കെയോ മറക്കാനുണ്ട്. ക്രൈം ബ്രാഞ്ച് എനിക്കെതിരെ ഒരു കേസ് എടുത്തിട്ടിണ്ട്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എനിക്കെതിരെ സര്‍ക്കാര്‍ കേസെടുത്താലും പിന്തരിപ്പിക്കാമെന്ന് കരുതേണ്ട. ഗോവിന്ദനെ എനിക്ക് അറിയില്ല. എന്തിനാണ് അദ്ദേഹം എനിക്കെതിരെ ഡിഫമേഷന്‍ കേസ് കൊടുത്തിരിക്കുന്നത് എന്ന് അറിയില്ല. നോട്ടീസ് കിട്ടുമ്പോള്‍ ഞാന്‍ അതിന് പ്രതികരിക്കും.

ഒരു കോടി രൂപ അല്ലെങ്കില്‍ മാപ്പ് പറയണമെന്നാണ് ഡിഫമേഷന്‍ കേസിലുള്ളത്. മാപ്പ് പറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍. കാരണം എന്റെ മനസാക്ഷിക്ക് ഞാന്‍ തെറ്റ് ചെയ്തിട്ടില്ല,’ സ്വപ്‌ന പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് സ്വപ്ന സുരേഷിന് എം.വി. ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. തളിപ്പറമ്പിലെ അഭിഭാഷകന്‍ മുഖേനയാണ് നോട്ടീസ് അയച്ചിരുന്നത്.

സ്വപ്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് നോട്ടീസില്‍ പറയുന്നു. നിയമനടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.