| Tuesday, 7th June 2022, 5:38 pm

'മുഖ്യമന്ത്രിക്കും ശിവശങ്കറിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്, ജീവന് ഭീഷണിയുണ്ട്'; ആരോപണവുമായി സ്വപ്ന സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷ് വീണ്ടും മൊഴി നല്‍കി. മുഖ്യമന്ത്രിക്കും ശിവശങ്കറിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സി.എം. രവീന്ദ്രന്‍, നളിനി നെറ്റോ ഐ.എ.എസ്, മുന്‍ മന്ത്രി കെ.ടി. ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

2016ല്‍ മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് എം. ശിവശങ്കര്‍ വിളിച്ചെന്ന സ്വപ്ന മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യു.എ.ഇ കോണ്‍സല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചുവെന്നും സ്വപ്‌ന ആരോപിച്ചു.

എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് വസ്തുക്കള്‍ എത്തിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ, മകള്‍, നളിനി നെറ്റോ എന്നിവര്‍ക്ക് വസ്തുതകളെല്ലാം അറിയാമെന്നും സ്വപ്ന പറഞ്ഞു.

‘കേസില്‍ പങ്കുള്ളവരെപ്പറ്റി കോടതിയോട് പറഞ്ഞിട്ടുണ്ട്. സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം. രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി. ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. 2016-ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്.

അന്ന് ഞാന്‍ കോണ്‍സലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയും പെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിംഗ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്,’ സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങള്‍ അന്വേഷിക്കൂവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

CONTENT HIGHLIGHTS:  Swapna Suresh, one of the main accused in the gold smuggling case, testified again.

We use cookies to give you the best possible experience. Learn more