| Tuesday, 7th July 2020, 12:30 pm

'സ്വപ്‌ന സുരേഷ് എന്റെ മരുമകളല്ല'; സൈബര്‍ സഖാക്കളുടെ പ്രചരണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കുമെന്ന് തമ്പാനൂര്‍ രവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തിലുള്ള പ്രചരണം തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി.

സ്വപ്ന സുരേഷ് എന്ന സ്ത്രീയെ തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ലെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും തമ്പാനൂര്‍ രവി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

‘കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകള്‍ ആണ് എന്ന തരത്തില്‍ ചില സൈബര്‍ സഖാക്കള്‍ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമായി ആണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ഡി.ജി.പിക്ക് പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുന്നതാണ്’, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഞായറാഴ്ചയാണ് വിമാനത്താവളത്തിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഭക്ഷണ സാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്.

എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.

സ്വര്‍ണക്കടത്തില്‍ ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്നക്കും പങ്കുണ്ടെന്ന പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് ഇവര്‍ക്കായുള്ള തിരച്ചിലിലാണ്. ഇതിന് പിന്നാലെ സ്വപ്ന തമ്പാനൂര്‍ രവിയുടെ മരുമകളാണ് എന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു.

സ്വപ്‌നയ്ക്ക് ഐ.ടി സെക്രട്ടറിയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഐ.ടി സെക്രട്ടറി ശിവശങ്കരനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more