| Friday, 4th February 2022, 11:02 pm

ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ എല്ലാം തന്റെ തലയില്‍ വെച്ച് എല്ലാവരും പോയി; കോടതിയില്‍ എനിക്ക് നീതികിട്ടുമെന്ന് പ്രതീക്ഷയുണ്ട്; സ്വപ്‌ന സുരേഷ് പറയുന്നു 

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ എഴുതിയെങ്കില്‍ അത് മോശമാണെന്ന് സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതയായ സ്വപ്ന സുരേഷ്.
ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. താന്‍ ശിവശങ്കറിനെ ചതിച്ചിട്ടില്ല. ഐ ഫോണ്‍ നല്‍കി ഐ.എ.എസ് ഉദ്യോഗസ്ഥനെ ചതിക്കേണ്ട കാര്യമില്ല. അതിനു മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ എല്ലാം തന്റെ തലയില്‍ വെച്ച് എല്ലാവരും പോയി. അത് ആരാണെന്ന് പിന്നീട് മനസിലാകും. അതൊക്കെ കോടതയുടെ പരിതിയിലുള്ള കാര്യമാണ്.
കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി. ജോണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികരണം.

പി.ഡബ്ല്യൂ.സിയെ തനിക്ക് അറിയില്ല. അവരുടെ ബെംഗളൂരുവിലെ ഓഫീസില്‍ പോയി ഒരു ലാപ്‌ടോപ് വാങ്ങിയത് ഒഴിച്ചാല്‍ താനൊന്നിനും അവരുമായി ബന്ധപ്പെട്ടിട്ടില്ല.
പി.ഡബ്ല്യൂ.സിയിലെ സ്ഥിരം ജീവനക്കാര്‍ ചെയ്യുന്ന ഒരു ജോലിയും താന്‍ ചെയ്തിട്ടില്ല. തന്റെ മധ്യേഷ്യയിലെ ബന്ധങ്ങള്‍ വെച്ച് കൂടുതല്‍ ഐ.ടി പ്രൊജക്ടുകള്‍ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു തന്റെ ചുമതല.
പി.ഡബ്ല്യൂ.സിയും കെ.എസ്.ഐ.ടി.ഐ.എല്‍ എന്നിവരെല്ലാം തനിക്കെതിരെ കേസ് കൊടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

താന്‍ കോണ്‍സുലേറ്റിലെ സെക്രട്ടറിയായതും ശിവശങ്കറിന്റെ റെഫറന്‍സുണ്ടായതുമാണ് സ്‌പേസ് പാര്‍ക്കിലെ ജോലി ലഭിക്കാന്‍ കാരണം. ആദ്യം അവിടുത്തെ കരാര്‍ കെ.പി.എം.ജിക്കായിരുന്നു. എന്നാല്‍ തന്നെ നിയമിക്കുന്നതില്‍ അവര്‍ തടസം പറഞ്ഞെന്നും അതിനാല്‍ അവരെ മാറ്റിയെന്നുമാണ് പിന്നീട് അറിഞ്ഞത്.

മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഭാഗമാകുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കെ.പി.എം.ജി പറഞ്ഞെന്നാണ് തന്നോട് ശിവശങ്കര്‍ പറഞ്ഞത്. തുടര്‍ന്നാണ് കരാര്‍ പി.ഡബ്ല്യൂ.സിക്ക് നല്‍കിയത്.
തനിക്ക് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകള്‍ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താന്‍ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിര്‍ദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശങ്ങള്‍ താന്‍ കണ്ണടച്ച് പാലിക്കുകയായിരുന്നു. എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഢികളാക്കുകയാണ് ശിവശങ്കര്‍.

ഇതേപോലെ തനിക്കും പുസ്തകം എഴുതാനാവും. താന്‍ പുസ്തകം എഴുതുകയാണെങ്കില്‍ ശിവശങ്കറുമായുള്ള ബന്ധം തന്നെ ഒരു വാള്യം വരും. ഒരവസരം വന്നപ്പോള്‍ എല്ലാവരും എന്റെ തലയില്‍ കയറിയിരുന്ന് പലതും പറയുകയാണ്. ജയിലിലായതിനാല്‍ തനിക്കൊന്നും മിണ്ടാന്‍ കഴിഞ്ഞില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ്. എന്തിനാണ് കള്ളം പറയുന്നതെന്ന് അറിയില്ല. തന്നെ ചൂഷണം ചെയ്തതാണ്.

ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഒരുപാട് സഹിച്ചു. സുപ്രധാന തീരുമാനമെടുത്തതു ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ്. ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണ് എന്നും സ്വപ്ന വെളിപ്പെടുത്തി.
ആത്മകഥ എഴുതുകയാണ് എങ്കില്‍ പലതും വെളിപ്പെടുത്തേണ്ടി വരുമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. എന്നെ അറിയില്ല എന്ന് പറയുന്ന ആളില്‍ നിന്ന് എന്തു പ്രതീക്ഷിക്കാനാണ്. ഞാന്‍ ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്നു. ആത്മകഥ എഴുതുകയാണ് എങ്കില്‍ ശിവശങ്കര്‍ സാറിനെ കുറിച്ചുള്ള പലതും എനിക്കെഴുതേണ്ടി വരും.

അത് ഇതിനേക്കാള്‍ ബെസ്റ്റ് സെല്ലിങ്-അവാര്‍ഡ് വിന്നിങ് പുസ്തകമാകും. ഇതുവരെ ഞാന്‍ മാധ്യമങ്ങളുടെ മുമ്പില്‍ വന്നിട്ടില്ല. സ്വപ്ന സുരേഷിനെ ജനം മറക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് രണ്ട് മക്കളുണ്ട്. എല്ലാ വിഴുപ്പും ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ കെട്ടിവച്ചില്ലേ. തീവ്രവാദം, കള്ളക്കടത്തുകാരി എന്നു പറഞ്ഞ് എന്നെ ജയിലിലിട്ടുണ്ട്. ഞാന്‍ ഇരയാണ്. എനിക്കിനി ജോലി കിട്ടില്ല.
എന്നെ ചൂഷണം ചെയ്യുകയായിരുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും എവിടെയാണ് ഡോളറും സ്വര്‍ണവും. എനിക്ക് ആസ്തിയായി ഒന്നുമില്ല. ലോകം തന്ന ചീത്തപ്പേരു മാത്രമാണ് ആസ്തിയായുള്ളതെന്ന് അവര്‍ വ്യക്തമാക്കി.ശിവശങ്കറില്‍ നിന്ന് മാന്യമായ പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. പുസ്തകം പൈസയുണ്ടാക്കാനുള്ള മാര്‍ഗമാണ്. പുസ്തകം വായിച്ചത്തിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങള്‍ പറയാന്‍ കഴിയൂ എന്നും സ്വപ്ന പറഞ്ഞു.

CONTENT HIGHLIGHTS:  Assianet News  Swapna  Suresh interview

We use cookies to give you the best possible experience. Learn more