വീട്ടിലേക്ക് പോകണം; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ്
Kerala
വീട്ടിലേക്ക് പോകണം; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th November 2021, 2:12 pm

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്‌ന സുരേഷ് കോടതിയില്‍. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ എറണാകുളം വിട്ട് പുറത്ത് പോകരുത് എന്ന് വ്യവസ്ഥയുണ്ടായിരുന്നു.

വീട് തിരുവനന്തപുരത്തായതിനാല്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്‌ന എറണാകുളം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. എര്‍ണാകുളം വിട്ട് പോകുന്നതില്‍ എതിര്‍പ്പില്ലെന്നും കേരളം വിട്ട് പോകാതിരുന്നാല്‍ മതിയെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് സ്വപ്‌നയുടെ ഹരജിയില്‍ വിധി പറയാനായി വരുന്ന 22 ലേക്ക് കോടതി മാറ്റി.

കഴിഞ്ഞ നവംബര്‍ 6 നാണ് സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന ജയില്‍ മോചിതയായത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മാധ്യമങ്ങളെ കാണുമെന്ന് അമ്മ പ്രതികരിച്ചെങ്കിലും ഇതുവരെ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയിട്ടില്ല.

എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് സ്വപ്നയുടെ ജയില്‍മോചനത്തിനുള്ള വഴി തെളിഞ്ഞത്. സ്വപ്‌നയോടൊപ്പം സരിത്ത്, റോബിന്‍സണ്‍, റമീസ് എന്നിവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്വപ്ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു കോടതിയുടെ സിറ്റിങ്. 25 ലക്ഷം രൂപയുടെ ബോണ്ട് മുഴുവന്‍ പ്രതികളും കെട്ടിവെക്കണമെന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.

പാസ്പോര്‍ട്ട് കോടതിയില്‍ ഏല്‍പിക്കണം, കേരളം വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ താമസം മാറരുത്
എന്നിവയായിരുന്നു മറ്റ് വ്യവസ്ഥകള്‍.

2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പേരിലെത്തിലെത്തിയ ബാഗേജ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.

പ്രത്യേക അനുമതി വാങ്ങി നടത്തിയ പരിശോധനയില്‍ നയതന്ത്രബാഗില്‍ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.422 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഈ കേസില്‍ 2020 ജൂലൈ 11ന് ബെംഗളൂരുവില്‍ വച്ച് സ്വപ്ന അറസ്റ്റിലാവുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: swapna-suresh-has-approached-the-court-seeking-relief-from-bail