| Tuesday, 13th October 2020, 12:22 pm

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിക്കാതിരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ് കോഫേപോസ ചുമത്തിയതിനാല്‍ സ്വപ്‌നയ്ക്ക് ജയിലില്‍ നിന്നും പുറത്തറിങ്ങാനാവില്ല.

നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വപ്നയക്ക് സ്വാഭാവിക ജാമ്യമായിരുന്നു അന്ന് ലഭിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുകളും സ്വപ്‌നയ്‌ക്കെതിരെ നിലനില്‍ക്കുന്നുണ്ട്.

ആഗസ്റ്റ് 13ന് സ്വപ്നയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സെയ്ദ് അലവി എന്നിവരുടെ ജാമ്യാപേക്ഷയായിരുന്നു തള്ളിയത്.

കേസില്‍ സ്വപ്ന സുരേഷിന് പൊലീസിലടക്കം സ്വാധീനമുണ്ടെന്നാണ് അന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നത്. പ്രതികള്‍ക്ക് വിദേശബന്ധമുള്ളതിനാല്‍ ജാമ്യം നല്‍കിയാല്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞിരുന്നു. പ്രതികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതുകൊണ്ട് പ്രധാന പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് പറഞ്ഞിരുന്നു.

ആഗസ്ത് 30ന് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നു.അനില്‍ നമ്പ്യാരെക്കുറിച്ചുള്ള സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നതുകൊണ്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

സ്വപ്നയുടെ മൊഴി ചോര്‍ന്നതില്‍ കേന്ദ്രം കടുത്ത അതൃപ്തിയിലായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനില്‍ നമ്പ്യാരും ഫോണില്‍ സംസാരിച്ചത്.

നയതന്ത്രബാഗില്‍ സ്വര്‍ണം കണ്ടെത്തിയാല്‍ ഗുരുതരപ്രശ്‌നമാകും എന്നതിനാല്‍ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോണ്‍സുലര്‍ ജനറലിന് കത്ത് നല്‍കാന്‍ തന്നോട് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്.

ജൂലൈ 8ന് ബംഗളുരുവില്‍വെച്ചാണ് സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നത്. കേസില്‍ ആകെയുള്ള പ്രതികളില്‍ 10 പേര്‍ക്ക് ഇതിനോടകം ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് ഒപ്പം പിടിയിലായ സന്ദീപ് നായര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Swapna Suresh got bail in the case registered by Enforcement Directorate

We use cookies to give you the best possible experience. Learn more