തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ കുറ്റാരോപിത സ്വപ്‌ന സുരേഷിന് സംഘപരിവാര്‍ അനുകൂല എന്‍.ജി.ഒയില്‍ പുതിയ ജോലി. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.ആര്‍.ഡി.എ.സിയില്‍ സി.എസ്.ആര്‍ ഡയറക്ടറായാണ് നിയമനം.
ഇക്കാര്യം എച്ച്.ആര്‍.ഡി.എസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല.
വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിത്വമായാണ് സ്വപ്നയെ വെബ്‌സൈറ്റ് പരിചയപ്പെടുത്തുന്നത്.
മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ ആണിത്.
വന്‍കിട കമ്പനികളില്‍ നിന്നും സി.എസ്.ആര്‍ ഫണ്ട് ഏകോപിപ്പിക്കുന്ന ചുമതലയാണ് സ്വപ്നക്ക് ലഭിച്ചത്. ആദിവാസി മേഖലകളില്‍ വീട് നിര്‍മാണം ഉള്‍പ്പടെ ചെയ്യുന്ന സാമൂഹ്യ സംഘടനയാണ് എച്ച്.ആര്‍.ഡി.എസ്.
മലയാളികളടക്കമുള്ള ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് എന്‍.ജി.ഒയുടെ പ്രധാന പദവികളില്‍ ഇരിക്കുന്നത്.
ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ആരും ജോലി നല്‍കുന്നില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണെങ്കിലും കുറ്റക്കാരിയായി കോടതി വിധിച്ചിട്ടില്ലെന്ന് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മറ്റൊരു പ്രതിയ ശിവശങ്കര്‍ ജോലിയില്‍ പ്രവേശിച്ചിട്ടും സ്വപ്നയെ സര്‍ക്കാര്‍ ഒഴിവാക്കിയെന്നും അജി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
Content Highlights: Swapna Suresh gets a new job in a pro-BJP NGO