പാലക്കാട്: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മാധ്യമങ്ങളെ കാണവേ കുഴഞ്ഞുവീണു. സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സ്വപ്‌ന മാധ്യമങ്ങളെ കണ്ടത്.
ഇതിനിടെ പൊട്ടിക്കരഞ്ഞ സ്വപ്‌ന കുഴഞ്ഞുവീഴുകയായിരുന്നു. തനിക്ക് ചുറ്റുമുള്ളവരെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും തന്നെ വേണമെങ്കില്‍ കൊന്നൂടെ എന്നും സ്വപ്‌ന പറഞ്ഞു.
തന്നെ എന്തിനാണ് വേട്ടയാടുന്നത്. ഒരു തീവ്രവാദിയെപ്പോലെ തന്നോട് പെരുമാറുന്നത് എന്തിനാണെന്നും സ്വപ്ന വിതുമ്പിക്കൊണ്ട് ചോദിച്ചു.
അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും എനിക്ക് പണമില്ല. ഷാജ് കിരണ് ഓഡിയോയില്‍ പറഞ്ഞത് പോലെ തന്റെ വക്കീലിനെ കുടുക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും സ്വപ്ന പറഞ്ഞു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു, അതും നടന്നുവെന്നും സ്വപ്ന മാധ്യമങ്ങളോടു വിശദീകരിച്ചു.
കഴിഞ്ഞ ദിവസം പറഞ്ഞ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കുഴഞ്ഞുവീണ സ്വപ്നക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിരിക്കുയാണ്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
അതേസമയം, കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെ മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയതിനാണ് സ്വപ്ന സുരേഷിന്റെ അഭിഭാഷകനും തീവ്ര ഹിന്ദുത്വ പ്രചാരകനുമായ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തത്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐ.പി.സി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നാണ് സൂചന. പ്രവാചക നിന്ദയ്ക്ക് എതിരായും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.