ബെംഗളൂരു: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രധാനപ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപിനും കര്‍ണാടകയില്‍ ഒളിത്താവളമൊരുക്കിയത് കര്‍ണാടക ബി.ജെ.പി നേതൃത്വമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.വി മോഹനന്‍.
കേരളത്തില്‍ നിന്ന് പ്രതികള്‍ കര്‍ണാടകത്തിലേക്ക് കടന്നതിന് കേരള പൊലീസിന്റെയല്ല, കര്‍ണാടക പൊലീസിന്റെ പങ്കിനെ പറ്റിയാണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ ബി.ജെ.പിയുടെ അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.
കര്‍ണാടകത്തില്‍ കൊവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാന അതിര്‍ത്തികളിലും കനത്ത പൊലീസ് പരിശോധനയുണ്ട്.
എന്‍.ഐ.എ അന്വേഷിക്കുന്ന കേസിലെ പ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും ശക്തമായ പൊലീസ് പരിശോധന മറികടന്ന് എങ്ങനെ കര്‍ണാടകയില്‍ പ്രവേശിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്.
അതിര്‍ത്തി കടക്കാന്‍ ഇവര്‍ക്ക് കര്‍ണാടക ബി.ജെ.പി സര്‍ക്കാരില്‍ സ്വാധീനമുള്ള ഉന്നതന്റെ സഹായം ലഭ്യമായിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകാതെ പ്രതികള്‍ ബി.ജെ.പിക്ക് സ്വാധീനമുള്ള ബെംഗളൂരുവിലെത്തിയതിന് കാരണമിതാണെന്നും മോഹനന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക