| Thursday, 9th July 2020, 11:13 am

സ്വര്‍ണക്കടത്തില്‍ നിരപരാധി; കസ്റ്റംസിനെ വിളിച്ചത് കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരം; സ്വപ്‌ന സുരേഷ് ജാമ്യാപേക്ഷയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയെന്ന് സ്വപ്‌ന സുരേഷ്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ബാഗേജ് വിട്ടുകിട്ടിയിട്ടില്ലെന്ന് കോണ്‍സുലേറ്റ് വിളിച്ചുപറഞ്ഞതുപ്രകാരമാണ് താന്‍ കസ്റ്റംസുമായി ബന്ധപ്പെട്ടതെന്നും സ്വപ്‌ന പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും വെളിപ്പെടുത്താനില്ലെന്നും സ്വപ്‌ന പറഞ്ഞു.

കോണ്‍സുലേറ്റില്‍ നിന്ന് പോന്ന ശേഷവും അവര്‍ തന്റെ സഹായം തേടിയിരുന്നെന്നും കോണ്‍സുലേറ്റ് നടത്തുന്ന പരിപാടികളുടെ ഭാഗമായിട്ടുണ്ടെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

2016 മുതലാണ് താന്‍ കോണ്‍സുലേറ്റ് ജീവനക്കാരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2019 സെപ്റ്റംബറില്‍ അവിടെ നിന്നും പോന്നു. പ്രൈസ് വാട്ടര്‍ കമ്പനിയുടെ കരാര്‍ ജീവനക്കാരിയാണ് താന്‍.

എന്നാല്‍ യു.എ.ഇ കോണ്‍സുലേറ്റ് തന്നോട് സൗജന്യമായി സേവനം തേടിയിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന പരിചയം ഉള്ളതുകൊണ്ടായിരുന്നു അത്. കോണ്‍സുലേറ്റ് നടത്തുന്ന പരിപാടിയുമായി സഹകരിച്ചിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ കോടതിയില്‍ ഹാരജരാക്കുമെന്നും സ്വപ്‌ന പറഞ്ഞു.

30ാം തിയതിയാണ് ബാഗ് വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ അത് വിട്ടുകിട്ടാന്‍ വൈകി. തുടര്‍ന്ന് തന്നെ അറ്റാഷെ വിളിച്ച് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ചോദിച്ചു. കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. അതിന് ശേഷം കാരണം തേടി തന്റെ ഇമെയിലില്‍ തന്നെ കസ്റ്റംസിന് മെയില്‍ അയച്ചു. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതുപ്രകാരമാണ് ഇങ്ങനെ ചെയ്തത്. അല്ലാതെ സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ല. മാധ്യമങ്ങള്‍ മനപൂര്‍വം ക്രൂശിക്കുകയാണ്.

തന്റെ യോഗ്യത സംബന്ധിച്ച് സംശയം ഉന്നയിക്കുന്നുണ്ട്. അതില്‍ വാസ്തവമില്ല. കോണ്‍സുലേറ്റില്‍ നിന്ന് കിട്ടിയ സാക്ഷ്യപത്രം വ്യാജമല്ല. കള്ളക്കടത്തുമായി ബന്ധമില്ല. ഈയൊരു സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാം അനുവദിക്കണമെന്നും സ്വപ്‌ന പറഞ്ഞു.

ഇന്നലെ രാത്രിയാണ് സ്വപ്‌ന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

We use cookies to give you the best possible experience. Learn more